മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് നിയമനിര്‍മാണം; കാംപസ് ഫ്രണ്ട് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു

മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചാണ് പോലിസ് തടഞ്ഞത്

Update: 2021-06-04 10:19 GMT

തിരുവനന്തപുരം: മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് നടത്തിയ കാംപസ് ഫ്രണ്ട് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമീപത്ത് വച്ചാണ് പോലിസ് പ്രവര്‍ത്തകരെ തടഞ്ഞത്. എന്നാല്‍ പോലിസ് വലയം ഭേദിച്ച് മുന്നേറിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിലായ പ്രവര്‍ത്തകരെ പോലിസ് പിന്നീട് വിട്ടയച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന സമിയംഗം അഡ്വ.സിപി അജ്മല്‍, ജില്ലാ പ്രസിഡന്റ് ഉമര്‍ മുഖ്താര്‍, ജില്ലാ സെക്രട്ടറി സലാഹുദ്ദീന്‍ അയ്യൂബി, ജില്ലാ ജോയിന്റ് സെക്രട്ടറി ഫയാസ്, ജില്ലാ കമ്മിറ്റിയംഗം റാഷിദ് എന്നിവരെയണ് പോലിസ് അറസ്റ്റ് ചെയ്തത്. സമാധാനപരായി നടന്ന മാര്‍ച്ചിനെതിരേ പോലിസിന്റെ അന്യായവും ജനാധിപത്യവിരുദ്ധവുമായ അറസ്റ്റില്‍ കാംപസ് ഫ്രണ്ട് പ്രതിഷേധിച്ചു.



  സച്ചാര്‍, പാലോളി കമ്മിറ്റി റിപോര്‍ട്ടിന്റെ നാള്‍വഴികള്‍ അവഗണിച്ചാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട 2008 ആഗസ്റ്റ് 16ലെയും 2011 ഫെബ്രുവരി 22ലെയും 2015 മേയ് എട്ടിലെയും സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയത്. കേരളീയ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ നിലവാരം ക്രിസ്ത്യാനികളേക്കാളും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളേക്കാളും വളരെ താഴെയാണെന്നായിരുന്നു സച്ചാറിന്റെ കണ്ടെത്തല്‍.

2001ലെ സെന്‍സസ് പ്രകാരം കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 24.70 ശതമാനമാണ്. എന്നാല്‍, കോളജ് വിദ്യാഭ്യാസത്തില്‍ 8.1 ശതമാനം മാത്രമാണ് അവരുടെ പ്രാധിനിത്യം. ഹിന്ദുക്കളുടേത് 18.7 ശതമാനവും ക്രിസ്ത്യാനികളുടേത് 20.5 ശതമാനവും നില്‍ക്കുമ്പോഴാണിത്. ദാരിദ്ര്യത്തില്‍ മുസ്‌ലികളുടെ അവസ്ഥ 28.7 ശതമാനമായിരിക്കെ ക്രിസ്ത്യാനികളുടേത് വെറും നാലു ശതമാനമാണ്. ഒരര്‍ഥത്തിലും രണ്ടു ന്യൂനപക്ഷ സമുദായങ്ങള്‍ തുല്യരല്ലെന്ന് വ്യക്തമാക്കുന്നതാണിവ. അതോടൊപ്പം, സര്‍ക്കാര്‍ സര്‍വിസിലും പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കിങ് മേഖലയിലും മറ്റും ഉയര്‍ന്ന തസ്തികകളിലെ മുസ്‌ലിം പ്രാതിനിധ്യം വളരെ പിന്നിലായിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോച്ചിങ് സെന്ററുകളില്‍ മറ്റു ന്യൂനപക്ഷപിന്നാക്ക സമുദായങ്ങള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചത്. മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്തി അവര്‍ക്ക് വേണ്ടി രൂപം കൊടുത്ത പദ്ധതികളില്‍ മറ്റുള്ള വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയത് അനീതിയാണ്. അത്‌കൊണ്ട് തന്നെ മുസ്‌ലിം പ്രീണനമെന്ന സംഘപരിവാര വാദത്തിന് സാധൂകരണം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവാത്തതാണ്. മുസ്‌ലിം വിദ്യാര്‍ഥികളുടെ അവകാശമായ സ്‌കോളര്‍ഷിപ്പുകളില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉടനടി നിയമ നിര്‍മ്മാണം നടത്തണമെന്നും കാംപസ് ഫ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News