തൃശൂര്‍: കാന്‍സര്‍ രോഗ പ്രതിരോധ പ്രവര്‍ത്തന ചികിത്സാ പദ്ധതിയായ ക്യാന്‍ തൃശൂരിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി. 2022 ജനുവരി ആദ്യവാരത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
താലൂക്ക് ആശുപത്രികള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്‌കൂള്‍, കോളേജ് എന്നിവ കേന്ദ്രീകരിച്ച് കാന്‍ തൃശൂര്‍ പദ്ധതി വിജയിപ്പിക്കാനാണ് തീരുമാനം. ജനങ്ങളില്‍ കാന്‍സര്‍ അവബോധം ഉണ്ടാക്കിയെടുക്കുക, അതിനെ പ്രതിരോധിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 10 മുതല്‍ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ജനുവരി 15ന് ജില്ലയിലെ ആദ്യ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. മാര്‍ച്ച് 10നുള്ളില്‍ രോഗികളുടെ പട്ടിക തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 362 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വിഹിതം 10 ലക്ഷം, ഗ്രാമപഞ്ചായത്തുകള്‍ 2 ലക്ഷം വീതം 172 ലക്ഷം, ബ്ലോക്ക് പഞ്ചായത്തുകള്‍ 5 ലക്ഷം വീതം 80 ലക്ഷം, നഗരസഭകള്‍ 10 ലക്ഷം വീതം 70 ലക്ഷം, തൃശൂര്‍ നഗരസഭ 15 ലക്ഷം, വകുപ്പുതല ഫണ്ട് 15 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ച തുക.