കഞ്ചാവ് കടത്ത് റിപോര്‍ട്ട് ചെയ്തില്ല; കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിന്റെ പേരില്‍ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ആര്‍ സാജനെയാണ് ആഭ്യന്തരവകുപ്പ് സസ്‌പെന്റ് ചെയ്തത്. കഞ്ചാവ് കടത്തിയ ഗുരുതരമായ സംഭവം യഥാസമയം ജയില്‍ ആസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യാത്തതിനെത്തുടര്‍ന്നാണ് നടപടി. സാജനെതിരേ നടപടിയാവശ്യപ്പെട്ട് ജയില്‍ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിനു റിപോര്‍ട്ട് നല്‍കിയിരുന്നു. ഉത്തരമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യനു ജാഗ്രതക്കുറവുണ്ടായെന്നും റിപോര്‍ട്ടിലുണ്ട്.
എന്നാല്‍, ഡിഐജിക്കെതിരേ ഈ ഘട്ടത്തില്‍ നടപടിയില്ല. സംഭവത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന വകുപ്പുതല റിപോര്‍ട്ട് ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയായിരുന്നു. സപ്തംബര്‍ 15നാണ് ജയിലിലെ പാചകശാലയില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചത്. സ്ഥിരമായി വൈകീട്ട് എത്തിക്കുന്ന പച്ചക്കറി നേരത്തേ എത്തിയപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ലഹരിമരുന്നു കേസില്‍ അകത്തു കഴിയുന്ന കോഴിക്കോട് സ്വദേശി അഷ്‌റഫിന് വേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്നും കണ്ടെത്തി.
എന്നാല്‍, ജയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് കടത്ത് പിടിച്ചിട്ടും ആസ്ഥാനത്ത് അറിയിച്ചില്ല. ലോക്കല്‍ പോലിസില്‍ അന്നുതന്നെ വിവരം നല്‍കിയെങ്കിലും സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയില്ല. കഞ്ചാവ് എന്നു തോന്നുന്ന പൊതി പിടിച്ചെന്നു മാത്രമായിരുന്നു പോലിസിനെ അറിയിച്ചത്. ജയിലിനുള്ളിലേക്ക് ഒരു വാഹനം കടത്തിവിടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിയുടെ രേഖാമൂലമുള്ള നിര്‍ദേശവും നിലവിലുണ്ട്. ഇതൊന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാലിക്കപ്പെട്ടില്ലെന്നായിരുന്നു റിപോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.