മുതലാളിത്ത മത്സരത്തെ കഴുത്തുഞെരിച്ചു കൊല്ലുന്ന സംഘ്‌സാമ്പത്തികശാസ്ത്രം

ക്യാപിറ്റലിസം എന്നാല്‍ കയ്യില്‍ കാശുള്ളവന് ഏത് രീതിയിലും കച്ചവടം നടത്താനുള്ള ഒരു സെറ്റപ്പ് അല്ല. അതില്‍ ഏറ്റവും വിലക്കപ്പെട്ട മൂന്ന് കാര്യങ്ങളാണ് പ്രിഡെറ്ററി പ്രൈസിങ്ങും മൊണോപൊളിയും ക്രോണിയിസവും. മാര്‍ക്കറ്റില്‍ ഉള്ള മത്സരമാണ് ക്യാപിറ്റലിസത്തിന്റെ കാതല്‍. ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ഫാറൂഖ്‌ എഫ്ബിയില്‍ എഴുതിയ കുറിപ്പ്‌

Update: 2019-11-25 14:20 GMT

ഫാറൂഖ്‌

പ്രിഡെറ്ററി പ്രൈസിങ് എന്നൊരു വാക്കുണ്ട് ക്യാപിറ്റലിസത്തിന്റെ നിഘണ്ടുവില്‍, വേട്ട-വില എന്നോ മറ്റോ ആയിരിക്കും മലയാളം, കൃത്യം മലയാളം അറിയണമെങ്കില്‍ പഴയ പത്താം ക്ലാസ്സ് പുസ്തകം എടുത്തു നോക്കേണ്ടി വരും. എന്തായാലും സംഗതി ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം.

നാട്ടില്‍ മാന്യമായി കച്ചവടം നടത്തുന്ന കുറെ പലചരക്കു കടകള്‍ ഉണ്ടെന്നു വക്കുക, അവിടേക്ക് പെട്ടെന്നൊരു മുതലാളി വന്നു പുതിയൊരു കട തുടങ്ങുന്നു. മുതലാളിയുടെ കയ്യില്‍ പണ്ട് നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയ കുറെ കാശുണ്ട്. അയാള്‍ അത് വച്ച് കടയിലെ സാധനങ്ങള്‍ പകുതി വിലക്ക് വില്‍ക്കുന്നു. ഇങ്ങനെ വില കുറച്ചു വില്‍ക്കുന്നതാണ് പ്രിഡേറ്ററി പ്രൈസിംഗ്.

നാട്ടുകാര്‍ മൊത്തം പുതിയ കടയിലേക്ക് മാറി രണ്ടു മൂന്ന് മാസമോ കൊല്ലമോ ഒക്കെ കഴിയുമ്പോള്‍ ബാക്കിയുള്ള കടകള്‍ ഒന്നൊന്നായി പൂട്ടുന്നു. ചിലര്‍ നഷ്ടത്തിലായ കട വേറെ ആരും വാങ്ങാത്തതു കൊണ്ട് നമ്മുടെ മുതലാളിക്ക് തന്നെ വില്‍ക്കുന്നു. പിന്നീടുള്ളതാണ് മൊണോപൊളി, ഒരൊറ്റ കമ്പനിയുടെ ആധിപത്യം.

ക്യാപിറ്റലിസം എന്നാല്‍ കയ്യില്‍ കാശുള്ളവന് ഏത് രീതിയിലും കച്ചവടം നടത്താനുള്ള ഒരു സെറ്റപ്പ് അല്ല. വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഏറ്റവും വിലക്കപ്പെട്ട മൂന്ന് കാര്യങ്ങളാണ് പ്രിഡെറ്ററി പ്രൈസിങ്ങും മൊണോപൊളിയും ക്രോണിയിസവും. മാര്‍ക്കറ്റില്‍ ഉള്ള മത്സരമാണ് ക്യാപിറ്റലിസത്തിന്റെ കാതല്‍, അതില്ലാതായാല്‍ ആ വ്യവസ്ഥ തന്നെ തകരും.

മാര്‍ക്കറ്റിലെ മത്സരം തകര്‍ക്കുന്ന ഏറ്റവും നിഷിദ്ധങ്ങളായ കുറ്റങ്ങളായിട്ടാണ് പ്രിഡെറ്ററി പ്രൈസിങ്ങും മൊണോപൊളിയും കരുതപ്പെടുന്നത്. അത് കൊണ്ട് തന്നെ ആരെങ്കിലും അതിന് ശ്രമിച്ചാല്‍ സര്‍ക്കാരുകള്‍ ശക്തമായി തന്നെ ഇടപെടും.

ഇങ്ങനെ സര്‍ക്കാരുകള്‍ ഇടപെട്ട് പല കമ്പനികള്‍ക്കും ഭീമമായ പിഴ ചുമത്തിയിട്ടുണ്ട്, പൂട്ടിച്ചിട്ടുണ്ട്, മുതലാളിമാരെ ജയിലിലടച്ചിട്ടുണ്ട്. അമേരിക്കയില്‍ റോക്ക്‌ഫെല്ലര്‍ തുടങ്ങി ബോയിങ്, മൈക്രോസോഫ്റ്റ്, വാള്‍മാര്‍ട് മുതല്‍ ഗൂഗിള്‍ വരെയുള്ളവര്‍ ഇങ്ങനെയുള്ള നടപടികള്‍ക്ക് വിധേയമായിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ കേസുകള്‍ അറിയേണ്ടവര്‍ക്ക് ഇന്റര്‍നെറ്റ് നിറയെ ഉണ്ട്. ഇന്ത്യയിലും ഇത്തരം കേസുകള്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്.

ഇക്കഴിഞ്ഞ ദീപാവലിക്ക് ആമസോണും ഫ്‌ലിപ്കാര്‍ട്ടും സാധനങ്ങള്‍ വില കുറച്ചു കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ അവര്‍ക്ക് പ്രിഡെറ്ററി പ്രൈസിംഗിന്റെ പേരില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു, അതിനെ തുടര്‍ന്ന് അവര്‍ പല ഡിസ്‌കൗണ്ടുകളും പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ ക്യാപിറ്റലിസത്തിന്റെ ഒരു നിയമവും ബാധകമല്ലാത്ത ഒരു മുതലാളിയുണ്ട് ഇന്ത്യയില്‍ – മുകേഷ് അംബാനി.

2016 സെപ്റ്റംബറിലാണ് നരേന്ദ്രമോദിയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി മുകേഷ് അംബാനി ജിയോ എന്ന ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി ആരംഭിക്കുന്നത്. ജിയോയുടെ നീലനിറത്തിലുള്ള കോട്ട് ധരിച്ച ബ്രാന്‍ഡ് അംബാസിഡര്‍ തന്നെ ജിയോയുടെ ആഗമനം മുഴുവന്‍ മുന്‍പേജ് പരസ്യങ്ങളിലൂടെ ലോകത്തോട് വിളിച്ചറിയിച്ചു.

മുഴുവന്‍ വരിക്കാര്‍ക്കും ഡാറ്റ സൗജന്യമായി നല്‍കുന്ന സ്‌കീം ആയിരുന്നു വെല്‍കം ഓഫര്‍ എന്ന പേരില്‍ ജിയോ അവതരിപ്പിച്ചത്. അന്ന് പന്ത്രണ്ടോളം ടെലികോം കമ്പനികളുണ്ടായിരുന്നു ഇന്ത്യയില്‍. അവര്‍ മുഴുവനും ഈ പദ്ധതി കണ്ടു ഞെട്ടി വിളറി പിടിച്ചു ട്രായ് എന്ന റെഗുലേറ്ററുടെ അടുത്തേക്ക് ഓടി. എല്ലാ ഓപ്പറേറ്റര്‍മാര്‍ക്കും ലെവല്‍ പ്ലേയിങ് ഫീല്‍ഡ് അഥവാ നിരന്ന പ്രതലം ഒരുക്കി കൊടുക്കുന്നതാണ് ട്രായിയുടെ ജോലി. പ്രിഡെറ്ററി പ്രൈസിംഗ് തടയുന്നതാണ് അതില്‍ പ്രധാനം, അഥവാ അതിനു വേണ്ടിയാണ് ട്രായ് മെമ്പര്‍മാരെ നമ്മള്‍ തീറ്റി പോറ്റുന്നത്.

ടെസ്റ്റിംഗ് ആണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്ന് അംബാനി ട്രായിക്ക് വിശദീകരണം നല്‍കി. അതിന് വകുപ്പുണ്ട്, നെറ്റ്വര്‍ക്ക് ടെസ്റ്റ് ചെയ്യാന്‍ പത്തോ നൂറോ ആള്‍ക്കാര്‍ക്ക് ഒരു മാസം സൗജന്യമായി സേവനം കൊടുക്കാന്‍ ടെലികോം നിയമത്തില്‍ വകുപ്പുണ്ട്. ആ ലൂപ്‌ഹോള്‍ വച്ചാണ് അംബാനി തുടങ്ങിയത്. കോടിക്കണക്കിനാള്‍ക്കാര്‍ക്ക് ടെസ്റ്റിംഗ് എന്ന് പറഞ്ഞു സൗജന്യ കണക്ഷന്‍ കൊടുത്തു.

ടെസ്റ്റിംഗ് ഒരു മാസം കഴിഞ്ഞും രണ്ടു മാസം കഴിഞ്ഞും അവസാനിക്കാത്തപ്പോള്‍ ബാക്കിയുള്ള കമ്പനികള്‍ വീണ്ടും ട്രായിയെ സമീപിച്ചു. ട്രായിക്ക് അന്ന് തന്നെ ജിയോയുടെ വേട്ട-വില അവസാനിപ്പിക്കാമായിരുന്നു, പക്ഷെ നരേന്ദമോഡി ബ്രാന്‍ഡ് അംബാസിഡര്‍ ആയ കമ്പനിയാണ്, നോക്കിയും കണ്ടും നില്‍ക്കണം.

എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു ട്രായി ടെലികോം വകുപ്പിലേക്ക് ഒരു കത്തയച്ചു. സാദാ പോസ്റ്റിലാണ്, കത്ത് കിട്ടാന്‍ തന്നെ ഒരു മാസത്തോളം എടുത്തു. അന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദാണ്, അംബാനിയുടെ വക്കീല്‍ ആയിരുന്നു. മന്ത്രിയായതിനു ശേഷവും അംബാനിയുടെ നിയമോപദേശകന്‍ എന്ന പേരില്‍ മാസപ്പടി വാങ്ങിയിരുന്നു എന്ന് പാര്‍ലമെന്റില്‍ സമ്മതിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ പെങ്ങള്‍ നടത്തുന്ന ചാനലിലേക്ക് അംബാനി 12 കോടി മുടക്കിയിട്ടുമുണ്ട്. ട്രായ് അയച്ച കത്തിന് രവിശങ്കര്‍ പ്രസാദ് മറുപടി അയച്ചു, നിങ്ങള്‍ തന്നെ തീരുമാനിക്കൂ എന്നായിരുന്നു മറുപടി. മറുപടിയും സാദാ പോസ്റ്റിലായിരുന്നു.

അങ്ങനെ ട്രായിയും രവിശങ്കര്‍ പ്രസാദും കത്തെഴുതി കളിച്ചു ഒരു കൊല്ലത്തോളം ജിയോയെ വേട്ടക്ക് വിട്ടു. പന്ത്രണ്ടു കമ്പനികളുണ്ടായിരുന്ന ഇന്ത്യന്‍ ടെലികോം രംഗം കാള കയറിയ പിഞ്ഞാണ കട പോലെയായി. മിക്കവാറും കമ്പനികള്‍ പൊളിഞ്ഞു പാളീസായി. ബാക്കിയുള്ളവര്‍ പിടിച്ചു നില്‍ക്കാന്‍ പരസ്പരം ലയിച്ചു, വന്‍ പ്രതീക്ഷയും ഇന്ത്യ കണ്ട ഏറ്റവും വലിയ വിദേശ നിക്ഷേപവുമായി വന്ന വൊഡാഫോണ്‍ രക്ഷയില്ലാതെ ഐഡിയയുമായി ലയിച്ചു, എയര്‍ടെല്‍ പിന്നീട് ഭാരതി എയര്‍ടെല്‍ ആയി, ബാക്കിയുള്ളവരൊക്കെ അനന്ത വിഹായസ്സില്‍ ലയിച്ചു.

2018 മാര്‍ച്ച് ആവുമ്പോഴേക്കും ഇന്ത്യന്‍ ടെലികോം കമ്പനികളുടെ മൊത്തം കടം അഞ്ചു ലക്ഷം കോടിയുടെ അടുത്തായി, അത് മിക്കവാറും ബാങ്കുകളുടെ കിട്ടാകടമായി മാറി, എന്ന് പറഞ്ഞാല്‍ ഇനി നമ്മള്‍ അത് വീട്ടാന്‍ വേണ്ടി ടാക്‌സ് അടക്കണം.

ടെലികോം രംഗത്തു മൊണോപൊളി ആകാനുള്ള അംബാനിയുടെ ആഗ്രഹത്തിന് സര്‍ക്കാര്‍ നല്‍കുന്ന വഴിവിട്ട സഹായം ഇത് കൊണ്ടൊന്നും തീര്‍ന്നില്ല. ഇന്റര്‍നെറ്റ് സര്‍വീസ് മാത്രം നല്‍കാനുള്ള ലൈസെന്‍സ് മാത്രമാണ് അംബാനിക്കുണ്ടായിരുന്നത്, അതിന് തുച്ഛമായ ലൈസന്‍സ് ഫീ ആയിരുന്നു അവര്‍ സര്‍ക്കാരിന് കൊടുത്തിരുന്നത് . ആദ്യം അവരുടെ കോളുകള്‍ മുഴുവന്‍ ഇന്റര്‍നെറ്റ് ഡാറ്റ മാത്രം ഉപയോഗിക്കുന്ന ആപ്പ് ഉപയോഗിച്ചായിരുന്നു, പിന്നീട് തുച്ഛമായ അപ്‌ഗ്രേഡ് ഫീ വാങ്ങി സര്‍ക്കാര്‍ അവരെ കോളുകള്‍ ചെയ്യാന്‍ അനുവദിച്ചു.

ഭീമമായ ലൈസന്‍സ് കൊടുത്തു കോള്‍ ലൈസന്‍സ് വാങ്ങിയ മറ്റു കമ്പനികള്‍ പരാതിയുമായി ട്രായിയില്‍ വീണ്ടും പോയി. ബാക്കി പറയേണ്ടല്ലോ. ഈ ഒരൊറ്റ കളിയില്‍ സര്‍ക്കാരിന് കിട്ടേണ്ട ഇരുപതിനായിരം കോടിയാണ് പോയത് എന്നാണ് സി.എ.ജി കണ്ടെത്തിയത്, പിന്നീട് 3367കോടിയായി റിവൈസ് ചെയ്തു – (ഡാറ്റകള്‍ക്ക് കാരവന്‍ മാസികയോട് കടപ്പാട്.) ജിയോയുടെ കളികള്‍ മൂലം സര്‍ക്കാരിന് 685 കോടിയോളം നഷ്ടം വന്നു എന്ന റിപ്പോര്‍ട്ട് എഴുതിയ ടെലികോം സെക്രട്ടറി ജെ എസ് ദീപക്കിനെ റായ്ക്കുരാമാനം പുറത്താക്കി എന്ന് മാത്രമല്ല ജിയോയുടെ 'ടെസ്റ്റ്' കോളുകള്‍ സൗജന്യമായി സ്വീകരിക്കാന്‍ വിസമ്മതിച്ച മറ്റു നെറ്റ്‌വര്‍ക്കുകള്‍ക്ക് മൂവായിരം കോടിയുടെ പിഴയും ചുമത്തി സര്‍ക്കാര്‍.

'ടെസ്റ്റ്' അവസാനിച്ചിട്ടും ജിയോ പ്രിഡേറ്ററി പ്രൈസിംഗ് തുടര്‍ന്ന് കൊണ്ടേയിരുന്നു, ട്രായിയും രവിശങ്കര്‍ പ്രസാദും കത്തെഴുത്തും.

ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്, കഴിഞ്ഞയാഴ്ച വൊഡാഫോണ്‍ റിപ്പോര്‍ട്ട് ചെയ്ത നഷ്ടം 51000 കോടി, പിറ്റേന്ന് തന്നെ എയര്‍റ്റെലിന്റെ റിപ്പോര്‍ട്ടും വന്നു, നഷ്ടം 23000 കോടി. ഇന്ത്യയിലെ നിക്ഷേപം തോട്ടില്‍ കളഞ്ഞ പോലെയായെന്നും ഇനി ഒന്നും പ്രതീക്ഷിക്കാനില്ലെന്നും വൊഡാഫോണ്‍ സി ഇ ഓ ലണ്ടനില്‍ തുറന്നു പറഞ്ഞു. ഇന്ത്യയില്‍ ക്യാപിറ്റലിസമല്ല, ക്രോണി ക്യാപിറ്റലിസം ആണെന്നും, പ്രെഡറ്ററി പ്രൈസിങ്ങും ക്രോണിയിസവും കൊണ്ട് അയ്യരു കളിയാണെന്നും ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പോകുന്നവര്‍ മണ്ടന്മാരാണെന്നും അന്താരാഷ്ട്ര ധനകാര്യ പ്രസിദ്ധീകരണങ്ങള്‍ എഡിറ്റോറിയല്‍ എഴുതി.

വിളറി പിടിച്ച നിര്‍മല സീതാരാമന്‍ ഇനി ഒരു കമ്പനിയും പൂട്ടാന്‍ സമ്മതിക്കില്ല എന്ന് പത്രസമ്മേളനം വിളിച്ചു പറഞ്ഞിട്ടുണ്ട്. നമ്മള്‍ ടാക്‌സ് അടച്ച കുറെ പണം ഇവര്‍ക്ക് കൊടുക്കാനാണ് സാധ്യത. ഇല്ലെങ്കില്‍ രണ്ടും ഉടനെ പൂട്ടും.

പിന്നെ ബാക്കിയുള്ളതാണ് ബി.എസ്.എന്‍.എല്‍. അത് അംബാനി വാങ്ങും. അപ്പോഴാണ് മൊണോപൊളി – ക്യാപിറ്റലിസത്തിന്റെ നിഘണ്ടുവിലെ മറ്റൊരു വാക്ക്. ക്യാപിറ്റലിസത്തിലെ ഹറാം നമ്പര്‍-വണ്‍.

അനുഭവ കുറിപ്പ്: കഴിഞ്ഞ മാസം ഒരു വലിയ മഴ കഴിഞ്ഞപ്പോള്‍ വീട്ടിലെ ലാന്‍ഡ്‌ഫോണ്‍ ചത്തു. ബി.എസ്.എന്‍.എലില്‍ വിളിച്ചു പരാതി കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞിട്ടും മറുപടിയില്ലാത്തതു കൊണ്ട് നേരിട്ട് ചെന്നു. പണ്ടത്തെ പോലെ വലിയ ഫോര്‍മാലിറ്റിയോന്നുമില്ലാതെ ജെ.ഇ യെ കാണാം. കണ്ടു. താല്‍ക്കാലിക ജീവനക്കാര്‍ക്ക് കൂലി കൊടുക്കാത്തത് കൊണ്ട് അവര്‍ വരില്ല, നിങ്ങള്‍ സ്വന്തം ആളെ വച്ച് കുഴിച്ചാല്‍ ടെക്‌നിഷ്യനെ അയക്കാമെന്നു ജെ ഇ. അതെന്താ അവര്‍ക്ക് കൂലി കൊടുക്കാത്തതെന്ന് ഞാന്‍. രണ്ടു മൂന്ന് കൊല്ലമായി അതാണ് രീതിയെന്ന് ജെ.ഇ. കൃത്യമായി എപ്പോള്‍ മുതല്‍ എന്ന് ഞാന്‍. ജിയോ തുടങ്ങിയത് മുതല്‍ എന്ന് ജെ ഇ.

ജെ.ഇ എണീറ്റ് എന്നെ ജനാലയുടെ അടുത്തേക്ക് കൊണ്ട് പോയി. കുറെ പേര്‍ കൂടി വലിയ ഒരു കുഴി കുഴിക്കുന്നു. അംബാനിയുടെ ആള്‍ക്കാരാണ് കുഴി കുഴിക്കുന്നതെന്ന് ജെ ഇ. ആ റോഡിലൂടെ അവരുടെ ഒരു ഫൈബര്‍ ലൈന്‍ പോവുന്നുണ്ടത്രേ. ബി.എസ്.എന്‍.എല്‍ എക്‌സ്‌ചേഞ്ചിന്റെ തൊട്ടടുത്താണ് കുഴിക്കുന്നത്. ഭാവിയില്‍ രണ്ടും കണക്ട് ചെയ്യാന്‍ എളുപ്പമാണല്ലോ എന്ന് ജെ ഇ യുടെ തമാശ. ബീഹാറുകാരനാണ് ജെ ഇ. ചിരിക്കിടയിലും അയാളുടെ കണ്ണിലെ ദൈന്യത വ്യക്തമായി കാണാം.


Tags:    

Similar News