ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് പരാതി; എംഎല്‍എയ്ക്കും ഭാര്യയ്ക്കുമെതിരേ കേസ്

Update: 2022-12-15 09:00 GMT

ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേര്‍ളി തോമസിനുമെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ ബി ജിഷയെ അധിക്ഷേപിച്ചതിനാണ് ഹരിപ്പാട് പോലിസ് കേസെടുത്തത്. ഡിസംബര്‍ ഒമ്പതിന് ഹരിപ്പാട്ട് നടന്ന എന്‍സിപി ഫണ്ട് സമാഹരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. എംഎല്‍എയുടെ ഭാര്യയ്ക്ക് എന്താണ് പാര്‍ട്ടി യോഗത്തില്‍ കാര്യമെന്ന് ജിഷ ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്.

ഹരിപ്പാട്ടെ യോഗത്തിന് മണ്ഡലത്തിലുള്ളവരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍, മണ്ഡലത്തില്‍ നിന്നല്ലാത്ത എംഎല്‍എയും ഭാര്യയുമെത്തിയപ്പോള്‍ പുറത്തുപോവണമെന്ന് താന്‍ അഭ്യര്‍ഥിച്ചു. ഇത് രൂക്ഷമായ വാക്കുതര്‍ക്കത്തിന് കാരണമായി. അതിനിടെ, എംഎല്‍എയും ഭാര്യയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യോഗത്തിനെതത്തിയ തന്നെ തോമസ് കെ തോമസും ഭാര്യയും ചേര്‍ന്ന് അധിക്ഷേപിച്ചെന്നാണ് ജിഷയുടെ പരാതി.

കാക്കയെ പോലെ കറുത്താണ് ഇരിക്കുന്നതെന്ന് പറഞ്ഞായിയുരന്നു എംഎല്‍എയുടെ ഭാര്യയുടെ ആക്ഷേപം. ഇതിന്റെ വീഡിയോ ഉള്‍പ്പടെ തെളിവ് സഹിതമാണ് ജിഷ ഹരിപ്പാട് പോലിസില്‍ പരാതി നല്‍കിയത്. അതേസമയം, തന്നെയും ഭാര്യയെയും അധിക്ഷേപിക്കുകയാണ് ജിഷ ചെയ്തതെന്ന് എംഎല്‍എ തോമസ് പ്രതികരിച്ചു. നിയമസഭയില്‍ നിന്ന് വരുന്ന വഴിയായതിനാലാണ് ഭാര്യ തനിക്കൊപ്പമുണ്ടായിരുന്നത്. യോഗത്തിനെത്തിയത് മണ്ഡലം പ്രസിഡന്റ് വിളിച്ചിട്ടാണെന്ന് തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News