സംഘപരിവാറിനെ വിമര്‍ശിച്ചതിന് കാംപസ് ഫ്രണ്ട് നേതാവിനെതിരേ കേസ്: കേരള പോലിസ് ആര്‍എസ്എസ്സിന്റെ ചട്ടുകമാകരുതെന്ന് കാംപസ് ഫ്രണ്ട്

Update: 2022-01-11 14:40 GMT

കാസര്‍കോഡ്: സംഘപരിവാറിനെ വിമര്‍ശിച്ചതിന് കാംപസ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരിക്കെതിരെ പോലിസ് കേസ്. കേരള പോലിസ് ആര്‍എസ്എസ്സിന്റെ ചട്ടുകമാകരുതെന്ന് കാംപസ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍ പറഞ്ഞു.

സംഘപരിവാറിനെ വിമര്‍ശിച്ചതിന് സംസ്ഥാനത്തുടനീളം സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ക്കും മറ്റും അകാരണമായി കേരളാ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തിയിരുന്നു. ഈ ഇരട്ടത്താപ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിനാണ് നിലവില്‍ ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ആര്‍എസ്എസ് സംഘപരിവാര ചേരികള്‍ വര്‍ഗീയ ധ്രുവീകരണം നടത്തി ബോധപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനെതിരെ നടപടികളെടുക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ തുറന്ന് കാണിച്ച് പോസ്റ്റ് ഇടുന്ന സാമൂഹിക രാഷ്ട്രീയ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ അന്യായമായി കേസുകള്‍ ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലിസ് നടപടി അപഹാസ്യവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്.

പോലിസിലെ സംഘപരിവാര്‍ സ്വാധീനം അവരുടെ നേതാക്കള്‍ തന്നെ പരസ്യമായി വെളിപ്പെടുത്തിയതാണ്. കോടിയേരി ബാലകൃഷ്ണനും ആനി രാജയുമടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ പോലും പോലിസിലെയും ആഭ്യന്തര വകുപ്പിലെയും സംഘപരിവാര്‍ കടന്നുകയറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞതാണ്. എന്നിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. ഇത് അത്യന്തം അപകടകരമാണ്. സംഘപരിവാര്‍ വിദ്വേഷ പ്രചരണങ്ങളെ വിമര്‍ശിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ഷാനിഫ് മൊഗ്രാല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News