ജാതി ഇന്ത്യയുടെ ശാപമാണെന്നാണ് വെപ്പ്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയം ജാതി അടിസ്ഥാനപ്പെടുത്തിയാണ് എന്നും മുന്നോട്ടുപോയിട്ടുള്ളത്. ഓരോ സംസ്ഥാനങ്ങളുടെയും വോട്ടിങ് പ്രവണതകളെ മനസ്സിലാക്കാന്‍ ആ പ്രദേശത്തിന്റെ ജാതികളുടെ വിതരണവും മേല്‍ക്കീഴ് ബന്ധവും തിരിച്ചറിയണമെന്ന് സാമൂഹികശാസ്ത്ര, രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കുവരെ ബോധ്യമുണ്ട്. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ നമ്മുടെ ചര്‍ച്ചയില്‍ ജാതി എല്ലായ്‌പ്പോഴും ഒരു സജീവ യാഥാര്‍ത്ഥ്യമാകുന്നത് അതുകൊണ്ടാണ്. ഇന്ത്യന്‍ ജനതയുടെ പുരോഗതിയും ജാതിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നമുക്കറിയാം.
എന്നാല്‍ ഇത്രയൊക്കെയായിട്ടും ഇന്ത്യയില്‍ ഓരോ ജാതിയും എത്രയൊക്കെയുണ്ട് എന്ന് അറിയാനുള്ള ശ്രമങ്ങളില്‍ പൊതുവെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തല്‍പ്പരരല്ല. എങ്കിലും അതില്‍ ചില തരംതിരിവുകളില്ലാതില്ല. കൃത്യമായും സവര്‍ണ സ്വഭാവം പുലര്‍ത്തുന്ന ബിജെപി പോലുള്ള ഹിന്ദുത്വ പാര്‍ട്ടികള്‍ ജാതി സെന്‍സസിന്റെ കടുത്ത എതിരാളികളാണ്. പിന്നാക്ക ജാതിക്കാര്‍ക്ക് പ്രാമുഖ്യമുള്ള ബിഎസ്പി, എസ്പി പോലുള്ളവരാകട്ടെ ജാതി സെന്‍സസ് നടത്തണമെന്ന് അഭിപ്രായമുള്ളവരാണ്. കോണ്‍ഗ്രസ്സാകട്ടെ ജാതി സെന്‍സസിനെ ഒരിക്കലും സുപ്രധാന വിഷയമായി കണ്ടിട്ടുമില്ല. സിപിഎം, സിപിഐ പോലുള്ള ഇടത് പാര്‍ട്ടികള്‍ തത്ത്വത്തില്‍ ജാതി കണക്കെടുപ്പുകള്‍ വേണമെന്ന അഭിപ്രായക്കാരാണെങ്കിലും അത് നേടിയെടുക്കാനുള്ള ശ്രമങ്ങളില്‍ സജീവ പങ്കാളികളാവാറില്ല. ഈ സാഹചചര്യത്തിലാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന സെന്‍സസ് ജാതി അടിസ്ഥാനത്തിലായിരിക്കണമെന്ന നിര്‍ദേശം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്.
ജാതി സെന്‍സസ് ആവശ്യപ്പെട്ട് കടുത്ത നിലപാടെടുത്തവരില്‍ മുന്നില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന്റെ നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ അത് പാര്‍ലമെന്റില്‍ ഉയര്‍ത്തിയിട്ടുമുണ്ട്. ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുമെന്ന് 2018 ല്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ച കാര്യം നിതീഷ് കുമാര്‍ ഓര്‍മിപ്പിക്കുന്നു. സെന്‍സസ് നടത്തിപ്പുമായി ബന്ധപ്പെട്ട യോഗത്തിലാണ് രാജ്‌നാഥ് സിങ് അത് പറഞ്ഞതെങ്കിലും അക്കാര്യം മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പിന്നീട് വിവരാവകാശ രേഖക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി.
1881ലാണ് രാജ്യത്ത് ആദ്യമായി ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുന്നത്. പിന്നീട് 1931 വരെ ഈ മാതൃക പിന്തുടര്‍ന്നു. 1941ലെ സെന്‍സസില്‍ ജാതി അടിസ്ഥാനത്തില്‍ കണക്കെടുത്തെങ്കിലും ആ കണക്കുകള്‍ പുറത്തുവിട്ടില്ല. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യ സെന്‍സസ് നടന്നത് 1951ലാണ്. ജാതി ഇന്ത്യയുടെ ഒരു സജീവ യാഥാര്‍ത്ഥ്യമല്ലെന്ന് ചൂണ്ടിക്കാട്ടി അത്തരം കണക്കെടുപ്പ് ആവശ്യമില്ലെന്നായിരുന്നു അന്നത്തെ സര്‍ക്കാര്‍ നിലപാടെടുത്തത്. അതേസമയം ദലിത്, ആദിവാസി വിഭാഗങ്ങളുടെ കണക്കെടുപ്പ് നടത്തുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പിലും അതുണ്ടാവും.
ഇന്ത്യയുടെ ചരിത്ത്തില്‍ ജാതി സെന്‍സസ് വേണമെന്നത് ഒരു ജനകീയ ആവശ്യമായി മാറിയത് ഒരു പ്രത്യേക രാഷ്ട്രീയസാഹചര്യത്തിലാണ്. 1975ലാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അവര്‍ നടപ്പാക്കിയ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ അടിയന്തരാവസ്ഥക്കെതിരേ ജനരോഷം അണപൊട്ടിയൊഴുകുന്നതിന് കാരണമായി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി അധികാരത്തിലെത്തി. മുഖ്യധാരയില്‍ നിന്ന് പുറത്തുള്ള വിവിധ വിഭാഗങ്ങളുടെ ഒരു കൂട്ടായ്മയായാണ് ജനതാപാര്‍ട്ടിയുടെ രംഗപ്രവേശം. അവരുടെ കൂടെ താല്‍പ്പര്യപ്രകാരം 1979ല്‍ മൊറാര്‍ജി സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന് രൂപം കൊടുത്തു. അതിനുവേണ്ടിയുള്ള കണക്കുകള്‍ കമ്മീഷന്‍ സ്വീകരിച്ചത് 1931ലെ ജാതി സെന്‍സസില്‍ നിന്നാണ്. അന്നു മുതല്‍ ജാതിയുടെ യഥാര്‍ത്ഥ കണക്കുകള്‍ വേണമെന്ന ആവശ്യം രാജ്യത്ത് ഉയര്‍ന്നുവരാന്‍ തുടങ്ങി. നിലവില്‍ അത്തരം ആവശ്യങ്ങള്‍ക്ക് നാഷണല്‍ സാമ്പിള്‍ സര്‍വേ കണക്കുകളാണ് ഉപയോഗിക്കുന്നത്.
ജാതി സെന്‍സസ് എന്ന ആവശ്യം ഇപ്പോള്‍ ഉയരുന്നതിന്റെയും ചിലര്‍ അതിന് എതിര്‍ നില്‍ക്കുന്നതിന്റെയും രാഷ്ട്രീയവും പരിശോധിക്കണം. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കും. അതില്‍ സുപ്രധാനമായ ഒന്ന് യുപി തിരഞ്ഞെടുപ്പാണ്. പിന്നാക്ക ജാതി രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന സംസ്ഥാനമാണ് യുപി. ഈ അടുത്ത കാലം വരെയും യുപിയില്‍ പിന്നാക്ക ജാതികളുടെ രാഷ്ട്രീയം നിര്‍ണായകമായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയതുമായുണ്ടായ ഉത്തേജനമായിരുന്നല്ലോ ആ രാഷ്ട്രീയ ഉണര്‍വിനുപിന്നില്‍. പിന്നീട് പിന്നാക്ക ജാതി, ദലിത് രാഷ്ട്രീയം പിന്നോട്ടടിച്ചതോടെയാണ് ഹിന്ദുത്വത്തിന്റെ കൈകളിലേക്ക് യുപി നീങ്ങുന്നത്. എല്ലാ കാലത്തും ഹിന്ദുത്വത്തെ ചെറുത്തുനിന്നിട്ടുള്ളതും പിന്നാക്ക ജാതി രാഷ്ട്രീയമാണ്. ജാതി സെന്‍സസും ജാതി സെന്‍സസ് എന്ന ആവശ്യവും ആ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു.
കണക്കെടുപ്പുകള്‍ നാം കരുതുന്നതിനേക്കാള്‍ ശക്തിയേറിയ ആയുധമാണ്. കണക്കെടുപ്പ് തന്നെ ഒരു രാഷ്ട്രീയമുന്നേറ്റം സാധ്യമാക്കും. ഇന്ത്യയില്‍ ഹിന്ദു എന്ന മതത്തെ ഉല്‍പ്പാദിപ്പിച്ചതില്‍ സെന്‍സസിനുള്ള പങ്ക് ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ജാതി അടിസ്ഥാനത്തിലുള്ള പ്രത്യേകിച്ച് പിന്നാക്ക ജാതികളുടെ കണക്കെടുപ്പ് പിന്നാക്ക ജാതികളുടെ സ്വത്വബോധത്തെ ഊതിക്കത്തിക്കും. പിന്നാക്ക ജാതി, ദലിത്, ന്യൂനപക്ഷ രാഷ്ട്രീയം രാജ്യത്തെ കേന്ദ്ര പ്രമേയമാവുകയാണ് അതിലൂടെ സംഭവിക്കുക. സ്വാഭാവികമായും ഹിന്ദുത്വരാഷ്ട്രീയം പിന്നോട്ടടിക്കും. ജാതി സെന്‍സസ് എന്ന ആവശ്യം പിന്നാക്ക ജാതികള്‍ ഉയര്‍ത്തുന്നതും ഹിന്ദുത്വര്‍ എതിര്‍ക്കുന്നതും ഒരേ കാരണത്താലാണെന്നാണ് പറഞ്ഞുവരുന്നത്.