ബിജെപിയെ ഞങ്ങള്‍ ചെവിക്ക് പിടിച്ചിരുത്തും; ജാതി സെന്‍സസ് നടത്തേണ്ടി വരും: ലാലുപ്രസാദ് യാദവ്

Update: 2024-09-03 11:46 GMT

ന്യൂഡല്‍ഹി: ജാതി സെന്‍സസ് വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ജാതി സെന്‍സസ് നടത്താന്‍ തങ്ങള്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ആര്‍ജെഡി പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രേരിതമായ ജാതിസെന്‍സസിനെ തങ്ങള്‍ എതിര്‍ക്കുമെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് സെന്‍സസ് നടത്തുന്നതെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ആര്‍എസ്എസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം.

    'ആര്‍എസ്എസിന്റെയും ബിജെപിയുടെയും ചെവിക്ക് ഞങ്ങള്‍ പിടിക്കും. ജാതി സെന്‍സസ് നടത്താതിരിക്കാന്‍ അവര്‍ക്ക് എന്ത് അധികാരമാണുള്ളത്? അവരെക്കൊണ്ട് ഞങ്ങളതു ചെയ്യിക്കും. ദലിത്-പിന്നാക്ക-ഗോത്രവര്‍ഗ വിഭാഗങ്ങളും സാധാരണക്കാരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്' ലാലു പ്രസാദ് യാദവ് എക്‌സില്‍ കുറിച്ചു.

    സപ്തംബര്‍ ഒന്നിന് ജാതിസെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തില്‍ ആര്‍ജെഡി ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങള്‍ക്കെതിരാണെന്നും അതുകൊണ്ട് തന്നെ ജാതിസെന്‍സ്‌സ് എന്ന കാര്യം അവരുടെ അണ്ടയിലില്ലെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചിരുന്നു. പറ്റ്‌നയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് തേജസ്വി യാദവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Tags:    

Similar News