സംസ്ഥാനത്തെ ജാതി സെന്‍സസ്: കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വിഷയമായതിനാല്‍ പരിഗണിക്കാനാകില്ലെന്ന് സര്‍ക്കാര്‍

യുഎ ലത്തീഫ് എം.എല്‍.എ. ഉന്നയിച്ച 'സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരുടെ ജാതി സെന്‍സസ് പത്തുവര്‍ഷത്തിലൊരിക്കല്‍ നടത്തണമെന്ന നിയമവ്യവസ്ഥ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത' സംബന്ധിച്ചുള്ള സബ്മിഷനിലാണ് മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി

Update: 2022-07-19 06:37 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സാമുദായികാടിസ്ഥാനത്തില്‍ സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക സെന്‍സസ് നടത്തുന്നതിന് പരിഗണിക്കാനാകില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. സെന്‍സസ് എന്നത് ഭരണഘടനാപരമായി യൂനിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയവും, കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍പ്പെടുന്നതുമാണ്. അതിനാല്‍ സെന്‍സസ് നടത്തുന്നത് പരിഗണിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

യുഎ ലത്തീഫ് എം.എല്‍.എ. ഉന്നയിച്ച 'സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരുടെ ജാതി സെന്‍സസ് പത്തുവര്‍ഷത്തിലൊരിക്കല്‍ നടത്തണമെന്ന നിയമവ്യവസ്ഥ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത' സംബന്ധിച്ചുള്ള സബ്മിഷനില്‍ മന്ത്രി കെ രാധാകൃഷണന്‍ നല്‍കിയ മറുപടിയിലാണ്് ഇക്കാര്യം പരാമര്‍ശിച്ചത്.

സബ്മിഷന്റെ പൂര്‍ണരൂപം

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 62പ്രകാരം യുഎ ലത്തീഫ് എം.എല്‍.എ. ഉന്നയിച്ച 'സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരുടെ ജാതി സെന്‍സസ് പത്തു

വര്‍ഷത്തിലൊരിക്കല്‍ നടത്തണമെന്ന നിയമവ്യവസ്ഥ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത' എന്നത് സംബന്ധിച്ച 19.07.2022ലെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് ബഹു. മുഖ്യമന്ത്രിക്കു വേണ്ടി പട്ടികജാതിവര്‍ഗ പിന്നാക്കക്ഷേമ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണന്‍ നല്‍കുന്ന മറുപടി.

കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) 27% സംവരണം അനുവദിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഇന്ദിരാസാഹ്നി vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ (നവംബര്‍ 1992) ബഹു. സുപ്രീം കോടതി ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചത് ശരിവെയ്ക്കുകയും, സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയറിനെ ഒഴിവാക്കണമെന്നും ഉത്തരവായിരുന്നു. ഈ ഉത്തരവില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പിന്നാക്ക വിഭാഗ കമ്മീഷനുകള്‍ രൂപീകരിക്കണമെന്നും, കമ്മീഷനുകള്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് പട്ടികകളില്‍ കാലാനുസൃതമായി കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും വരുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അതിനുശേഷം സാമൂഹ്യ, സാമ്പത്തിക വിവരങ്ങള്‍ സാമുദായികാടിസ്ഥാനത്തില്‍ ശേഖരിക്കപ്പെട്ടത് (SECC) 2012ലാണ്. എന്നാല്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. സംവരണം കാലാനുസൃതമായി പുന:ക്രമീകരിക്കുന്നതിന് ഈ വിവരങ്ങള്‍ ആവശ്യമാണ്. സെന്‍സസ് എന്നത് ഭരണഘടനാപരമായി യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയവും, കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍പ്പെടുന്നതുമാണ്. ആയതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സാമുദായികാടിസ്ഥാനത്തില്‍ സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക സെന്‍സസ് നടത്തുന്നതിന് പരിഗണിക്കാനാകില്ല. 

Tags:    

Similar News