ജാതിരഹിത വിവാഹം: തമിഴ്‌നാട് എംഎല്‍എക്കൊപ്പം പോകാന്‍ 19കാരിക്ക് അനുമതി
എ.ഐ.എ.ഡി.എം.കെ നിയമസഭാംഗവും 35കാരനുമായ എ പ്രഭുവും ബാഹ്‌മണ പുരോഹിതന്‍ സ്വാമിനാഥന്റെ മകളായ സൗന്ദര്യയും തിങ്കളാഴ്ച്ചയാണ് വിവാഹിതരായത്.
ചെന്നൈ: തമിഴ്നാട്ടില്‍ ദലിത് സമുദായാംഗമായ എംഎല്‍എയെ വിവാഹം കഴിച്ച 19കാരിയായ ബ്രാഹ്‌മണ യുവതിയെ മദ്രാസ് ഹൈക്കോടതി ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പിതാവ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. എ.ഐ.എ.ഡി.എം.കെ നിയമസഭാംഗവും 35കാരനുമായ എ പ്രഭുവും ബാഹ്‌മണ പുരോഹിതന്‍ സ്വാമിനാഥന്റെ മകളായ സൗന്ദര്യയും തിങ്കളാഴ്ച്ചയാണ് വിവാഹിതരായത്.
ദലിത് സമുദായാംഗമായ ഒരാളെ വിവാഹം കഴിക്കുന്നതിനെ സൗന്ദര്യയുടെ കുടുംബം എതിര്‍ത്തിരുന്നു. അതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം. പിതാവിന്റെ പരാതിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായ സൗന്ദര്യ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് അറിയിച്ചു. ഭര്‍ത്താവിനൊപ്പം പോകണമെന്നും ജഡ്ജിമാരോട് പറഞ്ഞു. ഭര്‍ത്താവിന്റെ കുടുംബവുമായി കാലങ്ങളായി തന്റെ പിതാവിനും കുടുംബത്തിനും ബന്ധമുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു. ജാതി മൂലമല്ല, മറിച്ച് പ്രായവ്യത്യാസം മൂലമാണ് വിവാഹത്തെ എതിര്‍ത്തത് എന്നായിരുന്നു സ്വാമിനാഥന്‍ പറഞ്ഞിരുന്നത്.