വിചാരണയില്ലാത്ത തടങ്കല്‍ ജീവിതത്തിന്റെ ദുരിതം പേറി തമിഴ്‌നാട്ടിലെ വിദേശ തബ്‌ലീഗുകാര്‍
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഗര്‍ഭിണികളും പ്രായമായവരുമുള്‍പ്പടെ 129 വിദേശികളെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ തടവിലാക്കിയത്.
ചെന്നൈ: തബ്‌ലീഗ് ജമാഅത്തിനെതിരെയുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ വിദ്വേഷ നടപടിയില്‍ ഇരയാക്കപ്പെട്ട വിദേശികള്‍ കടുത്ത ദുരിതത്തില്‍. ദില്ലിയിലെ നിസാമുദ്ദീന്‍ മര്‍കസ് സന്ദര്‍ശിക്കാനെത്തിയ വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ കൊവിഡ് പരത്തുന്നരെന്ന് ആരോപിച്ച് പിടികൂടിയതിനെ തുടര്‍ന്ന് 3500ത്തോളം പേരാണ് നാട്ടില്‍പോകാനാകാതെ രാജ്യത്തെ വിവിധ തടങ്കല്‍ കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ തമിഴ്‌നാട്ടില്‍ നിയമവിരുദ്ധ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കപ്പെട്ട തബ്‌ലീഗ് പ്രവര്‍ത്തകര്‍ നേരാംവണ്ണം ഭക്ഷണം പോലും ലഭിക്കാതെ പ്രയാസപ്പെടുകയാണെന്ന് 'സിയാസാത് ഡെയ്‌ലി' റിപോര്‍ട്ട് ചെയ്തു.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഗര്‍ഭിണികളും പ്രായമായവരുമുള്‍പ്പടെ 129 വിദേശികളെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ തടവിലാക്കിയത്. കൈകുഞ്ഞുങ്ങളുള്ള അമ്മമാരുള്‍പ്പടെ 12 സ്ത്രീകളും അക്കൂട്ടത്തിലുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തബ്‌ലീഗ് പ്രവര്‍ത്കര്‍ക്കെതിരേ 15 വ്യത്യസ്ത എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് അവര്‍ തടങ്കല്‍ ജീവിതത്തിലേക്ക് തള്ളിയിടപ്പെട്ടത്. പള്ളികളിലും പരിചക്കാരുടെ വീടുകളിലുമായി സ്വയം ക്വാറന്റയിനിലായവരെ ബലം പ്രയോഗിച്ചാണ് പോലിസ് കസ്റ്റഡിയിലെടുത്ത് തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. പത്തു മലേസ്യന്‍ സ്വദേശികളെ പോലിസ് കസ്റ്റഡിയിലെടുത്തത് മലേസ്യന്‍ സര്‍ക്കാര്‍ നാട്ടിലേക്ക് പോകാനായി ഏര്‍പ്പെടുത്തിയ വിമാനത്തില്‍ കയറുന്നതിന് തൊട്ടു മുന്‍പായിരുന്നു.
അറസ്റ്റിലായ വിദേശ പൗരന്മാര്‍ ജയില്‍ മോചനത്തിനും നാട്ടിലേക്കു പോകുന്നതിനും ശ്രമിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇപെട്ട് അവയെല്ലാം തടയുകയാണ്. അറസ്റ്റിലായി ഒരു മാസത്തിനുശേഷം, മെയ് 6 ന് മദ്രാസ് ഹൈക്കോടതി ആറ് തായ് പൗരന്മാര്‍ക്ക് ആദ്യമായി ജാമ്യം നല്‍കിയപ്പോള്‍, അവരുടെ മോചനത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം അവരുടെ തടങ്കല്‍ ശക്തിപ്പെടുത്താനുള്ള ഉത്തരവാണ് സര്‍ക്കാരില്‍ നിന്നുമുണ്ടായത്. '1946 ലെ വിദേശി നിയമത്തിലെ സെക്ഷന്‍ 3 (2) (ഇ) പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ പ്രകാരം ജയില്‍മോചിതരായ വിദേശികളെ ചെന്നൈ ജില്ലയിലെ പുജാലിലെ പ്രത്യേക ക്യാംപില്‍ താമസിപ്പിക്കാനാണ് തമിഴ്‌നാട് ഗവര്‍ണര്‍ ഉത്തരവിട്ടത്.
ഇതിനായി ഒരു പ്രത്യേക തടങ്കല്‍ ക്യാംപ് തന്നെ പുജാല്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട ബോര്‍സ്റ്റല്‍ സ്‌കൂളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാക്കി. 38 പേര്‍ക്ക് താമസിക്കാന്‍ മാത്രം സൗകര്യമുള്ള ബോര്‍സ്റ്റല്‍ സ്‌കൂളില്‍ 129 തബ്‌ലീഗ് പ്രവര്‍ത്തകരെയാണ് കുത്തിനിറച്ചത്. കേന്ദ്രത്തിനുള്ളിലെ ജീവിത സാഹചര്യങ്ങള്‍ മോശമാണെന്നാണ് തടങ്കല്‍ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ അഭിഭാഷകര്‍ പറയുന്നത്. തടവിലുള്ളവര്‍ക്ക് കഴിക്കാവുന്ന തരത്തില്‍ ഭക്ഷണം നല്‍കുന്നില്ല. വിദേശത്തുള്ള കുടുംബങ്ങളോട് ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. മാസങ്ങളായി വീട്ടിലെ വിവിരങ്ങള്‍ അറിയാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല.
തമിഴ്‌നാട് കസ്റ്റഡിയിലെടുത്ത തബ്‌ലീഗ് പ്രവര്‍ത്തകര്‍ കോടതി വഴി പുറത്തിറങ്ങുമ്പോള്‍ അവരെ വീണ്ടും പിടികൂടി തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കു വേണ്ട ഹാജരായ അഭിഭാഷകന്‍ ഷെഹ്‌സാദ് പറഞ്ഞു. വിദേശികളെ അവരുടെ രാജ്യത്തേക്ക് തിരികെ അയക്കുന്നതിനു പകരം ഇവടെ തടവിലിട്ട് പരാമവാധി പീഢിപ്പിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍ തബ്‌ലീഗ് പ്രവര്‍ത്തകരുടെ കാര്യത്തില്‍ ചെയ്യുന്നത്. അവരുടെ മതം മാത്രമാണ് ഇത്തരത്തിലുള്ള വിവേചനത്തിന് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.