ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി: കാംബ്രിജ് അനലിറ്റിക്കയ്‌ക്കെതിരേ സിബിഐ കേസെടുത്തു
ന്യൂഡല്‍ഹി: വ്യാപാരതാല്‍പ്പര്യപ്രകാരം ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ബ്രിട്ടീഷ് കമ്പനിയായ കാംബ്രിജ് അനലിറ്റിക്കയ്‌ക്കെതിരേ സിബിഐ കേസെടുത്തു. കാംബ്രിജ് അനലിറ്റിക്കയ്ക്കു പുറമെ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് ലിമിറ്റഡിനെതിരേയും കേസെടുത്തിട്ടുണ്ട്. പാര്‍ലമെന്ററി സമിതി നടത്തിയ അന്വേഷണത്തിന്റെ ഭാഗമാണ് കേസെടുത്തതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് 'ദിസ്ഈസ്‌യുവര്‍ഡിജിറ്റല്‍ലൈഫ്' എന്ന ആപ്പുപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സമിതി കണ്ടെത്തിയിരുന്നു. ഫേസ്ബുക്കിന്റെ അനുമതിയോടെയാണ് ഗവേഷണത്തിനും പഠനത്തിനുമായി വിവരങ്ങള്‍ ലഭ്യമാക്കിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫേസ്ബുക്കും കാംബ്രിജ് അനലിറ്റിക്കയും തമ്മില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കുറ്റകരമായ ഗുഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്ന് സിബിഐ പറയുന്നു. അതിനുശേഷം ആ വിവരങ്ങള്‍ വാണിജ്യതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്തു.
2016-17 കാലത്ത് ഗവേഷണാവശ്യം ചോര്‍ത്തിയ വിവരങ്ങള്‍ പിന്നീട് നശിപ്പിച്ചതായാണ് ഫേസ് ബുക്ക് പറയുന്നത്. എന്നാല്‍ വിവരങ്ങള്‍ നശിപ്പിച്ചതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് സിബിഐ ആരോപിക്കുന്നു.
ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് ലിമിറ്റഡ്, യുകെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സിബിഐയുടെ അനുമതിയോടെ തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തിയെന്ന് സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നു.