എഡിഎം നവീൻ ബാബുവിൻ്റെ മരണം: ഭരണകക്ഷിയുമായി ആരോപണ വിധേയക്ക് ബന്ധമുണ്ടെന്നത് കൊണ്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് ഹൈക്കോടതി.
കൊച്ചി: ഭരണകക്ഷിയുമായി ആരോപണ വിധേയർക്ക് ബന്ധമുണ്ടെന്നത് കൊണ്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് ഹൈക്കോടതി. കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഭാര്യ മഞ്ജുഷയുടെ ആവശ്യം തള്ളിയ വിധിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പി പി ദിവ്യ പ്രതിയായ കേസ് കേരള പോലിസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന് മഞ്ജുഷ വാദിച്ചിരുന്നു.
കേസിലെ പോലിസ് അന്വേഷണം ശരിയല്ലെന്ന ഹരജിക്കാരിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ഹൈക്കോടതി വിധി പറയുന്നു. നിലവിലെ അന്വേഷണം തെറ്റായ രീതിയിലാണെന്ന് ബോധ്യപ്പെടുത്താൻ വേണ്ട ഒരു തെളിവും ഇല്ല. ഇൻക്വസ്റ്റ് ചെയ്യുമ്പോൾ അടുത്ത ബന്ധുക്കൾ ഉണ്ടാവണമെന്ന് വ്യവസ്ഥയില്ല. ഇൻക്വസ്റ്റ് സമയത്ത് അവർ അടുത്തുണ്ടെങ്കിൽ മാത്രം മൊഴി രേഖപ്പെടുത്തിയാൽ മതി. ഇത്തരം കേസുകളിൽ ഇൻക്വസ്റ്റ് അഞ്ച് മണിക്കൂറിനുള്ളിൽ നടത്തണം എന്നാണ് ചട്ടം . നവീൻ ബാബുവിൻ്റെ കുടുംബം കണ്ണൂരിൽ എത്തിയത് 15 മണിക്കൂർ കഴിഞ്ഞാണ്. അതുവരെ മൃതദേഹം ഒന്നും ചെയ്യാതെ വയ്ക്കാൻ കഴിയില്ല.
പോസ്റ്റ്മോർട്ടം റിപോർട്ടിൽ കൊലപാതകത്തിൻ്റെ സൂചനകൾ ഇല്ല. എന്നാലും കുടുംബത്തിൻ്റെ സംശയം പരിഗണിച്ച് ആ വശവും പോലിസ് അന്വേഷിക്കണം.
നവീൻ ബാബു ഉണ്ടായിരുന്ന എല്ലാ സ്ഥലത്തെയും സിസിടിവി ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബുവിൻ്റെ രണ്ടു ഫോണുകളും പരിശോധിച്ചു. നവീൻ ബാബുവിൻ്റെ ആത്മഹത്യക്കുറിപ്പ് എവിടെ നിന്നും കിട്ടിയിട്ടില്ല. ജില്ലാ കലക്ടറുടെ കോൾ വിവരങ്ങളും പരിശോധിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച സർക്കാർ നടപടി നിയമവിരുദ്ധമല്ല. അതിനാൽ ഈ കേസിൽ സിബിഐ അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്ന് 32 പേജുള്ള വിധി പറയുന്നു.