മുന്‍ മന്ത്രിയുടെ വസതിയില്‍ സിബിഐ റെയ്ഡ്: തിരഞ്ഞെടുപ്പുകാല സമ്മര്‍ദ്ദ തന്ത്രമെന്നാരോപിച്ച് ഒഡീഷ ബിജെഡി നേതാവ്
ഭുവനേശ്വര്‍: ഒഡീഷ മുന്‍ ടൂറിസം മന്ത്രി ദേബി പ്രസാദ് മിശ്രയുടെ വസതിയില്‍ റെയ്ഡ് നടത്താന്‍ തെരഞ്ഞെടുത്ത സമയത്തിനെതിരേ വിമര്‍ശനവുമായി ഒഡീഷ ബിജു ജനതാ ദള്‍ വക്താവ് ലെനിന്‍ മൊഹന്ദി. കേസ് ഏഴ് വര്‍ഷമായി നടക്കുന്നതാണ്. സിബിഐ റെയ്ഡ് നടക്കാന്‍ തിരഞ്ഞടുക്കുന്ന സമയം സുപ്രധാനമാണ്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പോ പൊതു തിരഞ്ഞെടുപ്പോ പഞ്ചായത്ത് തിരഞ്ഞെടുപ്പോ ഉണ്ടാകുമ്പോഴാണ് സിബിഐ റെയ്ഡുമായി പുറപ്പെടുക. ഇത് തിരഞ്ഞെടുപ്പ് സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം നാടകങ്ങള്‍ സംഭവിക്കുന്നതെന്താണെന്ന് ജനങ്ങള്‍ അദ്ഭുതപ്പെടുകയാണ്-മൊഹന്ദി പറഞ്ഞു.
ഭൂവനേശ്വര്‍ മഹാനദി ടൂറിസം പ്രൊജക്റ്റ് അഴിമതിക്കേസില്‍ പ്രതിയായ മിശ്രയുടെ വസതിയിലാണ് വെള്ളിയാഴ്ച സിബിഐയുടെ ഏഴംഗ സംഘം റെയ്ഡ് നടത്തിയത്. സീഷോര്‍ മഹാനദി ടൂറിസം പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസ്് 2013ലാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.