കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്; നിര്‍ണായക രേഖകള്‍ ലഭിച്ചെന്ന് സിബിഐ
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്. ഇന്നലെ രാത്രിയാണ് ശിവകുമാറിന്റെ രാമനഗര ജില്ലയിലെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചെന്ന് സിബിഐ പറയുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സിബിഐ പരിശോധന നടത്തിയത്. കോണ്‍ഗ്രസ് നേതാവിന്റെ ദൊഡ്ഡലഹള്ളി, കനകപുര, സന്തേകോടിഹള്ളി എന്നിവിടങ്ങളിലെ സ്വത്തുക്കളിലാണ് ഏജന്‍സി പരിശോധനയും പിടിച്ചെടുക്കലും നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ശിവകുമാറിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ റെയ്ഡ് ഉണ്ടായത്. സ്വത്ത് രേഖകളും മറ്റ് രേഖകളും നല്‍കാന്‍ കുടുംബാംഗങ്ങളോട് സിബിഐ ആവശ്യപ്പെട്ടു.
ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരുമണിക്കൂറിനുള്ളില്‍ ശിവകുമാറിന്റെ മൂന്ന് വീടുകളിലും സ്ഥാപനങ്ങളിലുമുള്‍പ്പെടെ സിബിഐ സംഘം റെയ്ഡ് നടത്തിയത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ എത്താന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സിബിഐ നടപടിയെന്നതാണ് ശ്രദ്ധേയം. അതേസമയം, സിബിഐ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപിയടക്കമുള്ളവര്‍ക്കെതിരെയും അനധികൃത സ്വത്ത് സമ്പാദനക്കേസുകള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍, സിബിഐ തനിക്കെതിരേ മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ക്കെതിരായ കേസുകള്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കൈകാര്യം ചെയ്യുന്നു- സിബിഐ കൂട്ടിച്ചേര്‍ത്തു.