ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാര്‍ ഇന്ന് ബിഹാര്‍ സഭയില്‍; ആര്‍ജെഡി നേതാക്കളുടെ വീടുകളില്‍ സിബിഐ റെയ്ഡ്
പട്‌ന: ബിഹാറില്‍ മഹാസഖ്യ സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ചേരാനിരിക്കെ സഖ്യകക്ഷിയായ ആര്‍ജെഡിയുടെ നേതാക്കളുടെ വീടുകളില്‍ സിബിഐ റെയ്ഡ്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) പാര്‍ട്ടിയുടെ രണ്ട് മുതിര്‍ന്ന നേതാക്കളുടെ വീട്ടിലാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ ഉയര്‍ന്നുവന്ന ജോലിക്ക് ഭൂമി അഴിമതിയിലാണ് അന്വേഷണം. ആര്‍ജെഡി എംപി അഷ്ഫാഖ് കരിം, ആര്‍ജെഡി എംഎല്‍സി സുനില്‍ സിങ് എന്നിവരുടെ പട്‌നയിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.
ലാലു പ്രസാദ് യാദവിന്റെ ജനതാദള്‍ (യുനൈറ്റഡ്) ബിജെപിയുമായി പിരിഞ്ഞ് ആര്‍ജെഡിയുമായി കൈകോര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് നേതാക്കളുടെ വസതികളില്‍ സിബിഐ റെയ്ഡുണ്ടായിരിക്കുന്നത്. ഭയപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാന്‍ ബിജെപി മനപ്പൂര്‍വം നടത്തുന്നതാണ് റെയ്ഡ് എന്ന് സുനില്‍ സിങ് ആരോപിച്ചു. ഇത് മനപ്പൂര്‍വം ചെയ്യുന്നതാണ്. കാര്യമില്ലാത്ത പരിശോധനയാണ് നടക്കുന്നത്. ഭയന്ന് എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമായി വരുമെന്ന് കരുതിയാണ് അവര്‍ ഇത് ചെയ്യുന്നതെന്നും സുനില്‍ സിങ് പറഞ്ഞു.
മഹാസഖ്യസര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനിരിക്കെയാണ് സിബിഐ നീക്കം. സ്പീക്കര്‍ക്കെതിരായ അവിശ്വാസവും ഇന്ന് നിയമസഭയിലെത്തുന്നുണ്ട്. അതേസമയം, തനിക്കെതിരായ അവിശ്വാസ പ്രമേയം അംഗീകരിക്കില്ലെന്നും തന്നെ നീക്കം ചെയ്യുന്നതിനുള്ള നോട്ടീസ് പരിഗണിക്കില്ലെന്നും സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ വ്യക്തമാക്കി. 243 അംഗ സഭയില്‍ 164 അംഗങ്ങളുടെ പിന്തുണയുള്ള നിതീഷ് കുമാറിന് അനായാസം ഭൂരിപക്ഷം തെളിയിക്കാനാവും.
അവിശ്വാസ പ്രമേയം നിലനില്‍ക്കുമ്പോഴും രാജിവക്കില്ലെന്ന സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുടെ നിലപാടാണ് ബിഹാര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ നാടകീയമാക്കുന്നത്. മഹാസഖ്യത്തിലെ 50 ഓളം അംഗങ്ങള്‍ ഒപ്പുവച്ച സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയം അംഗീകരിച്ച് രാജിവയ്ക്കുകയോ സര്‍ക്കാര്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്യുന്നതിനുള്ള നോട്ടീസ് പരിഗണിക്കുകയോ ചെയ്യില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭിച്ച നോട്ടീസ് ചട്ടങ്ങളും വ്യവസ്ഥകളും പാര്‍ലമെന്ററി മര്യാദയും ലംഘിച്ചെന്നും അത്തരമൊരു നോട്ടീസ് നിരസിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ നിലപാട് വ്യക്തമായതോടെ, അവസാന നിമിഷം സമ്മേളത്തിന്റ അജണ്ട പുനക്രമീകരിച്ചു.
സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസാവും ആദ്യം പരിഗണിക്കുക. സ്പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയം നിലനില്‍ക്കുന്നതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ മഹേശ്വര്‍ ഹസാരിയുടെ അധ്യക്ഷതയില്‍ സഭ സമ്മേളിക്കുന്നതാണ് കീഴ് വഴക്കം. എന്നാല്‍, അജണ്ട മാറ്റിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സ്പീക്കറുടെ നിലപാട്. സഭ സമ്മേളിക്കുമ്പോള്‍ സ്പീക്കറുടെ നീക്കം എന്താവുമെന്നതാണ് നിര്‍ണായകം.