കാർ അപകടം: സിബിഐ ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു, റിപോർട്ട് ആറിന് സമർപ്പിക്കും
അപകടം സംബന്ധിച്ച് സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: ഉന്നാവോ പെൺകുട്ടി കാറപകടത്തിൽപ്പെട്ട കേസിൽ സിബിഐ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. റിപോർട്ട് സപ്തംബർ ആറിന് സുപ്രീംകോടതിയിൽ സമർപ്പിക്കും. പെണ്‍കുട്ടി അഭിഭാഷകനും ബന്ധുക്കള്‍ക്കുമൊപ്പം സഞ്ചരിക്കവെ കാര്‍ അപകടത്തില്‍പ്പെട്ട കേസിലാണ് ഇന്നലെ സിബിഐ സംഘം ഇവരുടെ മൊഴിയെടുത്തത്. അപകടത്തില്‍ ഇവരുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും അഭിഭാഷകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അത്യാസന്നനിലയില്‍ ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണ് വാര്‍ഡിലേക്കു മാറ്റിയത്. ഇതോടെയാണ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനായത്.ജൂലൈ 28നാണ് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്.
അപകടത്തിന് പിന്നില്‍ പീഡനം നടത്തിയ എംഎല്‍എ കുല്‍ദീപ് സിങ് സെൻഗാറും കൂട്ടാളികളും ആണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ എംഎല്‍എക്കെതിരേ സിബിഐ കൊലക്കുറ്റത്തിന് കേസെടുക്കുകയുണ്ടായി. ബലാല്‍സംഗക്കേസില്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ് കുല്‍ദീപ് സിങ്. അപകടം സംബന്ധിച്ച് സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. നിലവില്‍ 20 ഉദ്യോഗസ്ഥരടങ്ങുന്ന വന്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്.