ഉന്നാവോ: മരിച്ച പെണ്‍കുട്ടികളുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളില്ലെന്ന് യുപി ഡിജിപി
മരണകാരണം എന്താണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടില്ലെന്നും അതിനാല്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയക്കുമെന്നും ഉത്തര്‍പ്രദേശ് പോലിസ് മേധാവി ഹിതേഷ് ചന്ദ്ര അവസ്തി പറഞ്ഞു.
ഉന്നാവോ: ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര്‍ പ്രദേശ് പോലിസ് മേധാവി. മരണകാരണം എന്താണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടില്ലെന്നും അതിനാല്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയക്കുമെന്നും ഉത്തര്‍പ്രദേശ് പോലിസ് മേധാവി ഹിതേഷ് ചന്ദ്ര അവസ്തി പറഞ്ഞു.
രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് നാലംഗ ഡോക്ടര്‍മാരുടെ പാനലാണ്. മരണത്തിന് മുമ്പുള്ള പരിക്കോ ശരീരത്തില്‍ ആന്തരിക പരിക്കുകളോ കണ്ടെത്താനായില്ല. മരണകാരണം കണ്ടെത്താനായില്ല. രാസ പരിശോധനയ്ക്കായി ആന്തരാവയവങ്ങള്‍ എടുത്തിട്ടുണ്ട്. തങ്ങള്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടുകയും എല്ലാ സാധ്യതകളും പരിശോധിക്കുകയും ചെയ്യും-അവസ്തി പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില ഗുരതരമായി തന്നെ തുടരുകയാണെന്നും എച്ച് സി ആവസ്തി പറഞ്ഞു. മൂന്ന് പെണ്‍കുട്ടികളുടെയും ശരീരത്തില്‍ വിഷാംശം ഉള്ളതായാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കന്നുകാലികള്‍ക്ക് പുല്ലിനായി പോയ പെണ്‍കുട്ടികളില്‍ രണ്ട് പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു
അന്വേഷണത്തിനായി ആറ് പോലിസ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം ഗൗരവത്തിലെടുത്ത് ഡിജിപിയില്‍ നിന്ന് മുഖ്യമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടി.
അതേസമയം, പെണ്‍കുട്ടികളുടെ അമ്മയുടെയും സഹോദരന്റെയും പ്രസ്താവനകളില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഉന്നാവോ പോലീസ് സൂപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു.