യുപിയിലെ മുസ്‌ലിം കൗമാരക്കാരന്റെ കസ്റ്റഡി മരണം: അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി; നിക്ഷ്പക്ഷ അന്വേഷണം നടത്താന്‍ ഐജിക്ക് നിര്‍ദേശം

Update: 2022-04-26 18:55 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മുസ്‌ലിം കൗമാരക്കാരന്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. കേസില്‍ ഇരകളുടെ അവകാശം സംരക്ഷിക്കാന്‍ ന്യായവും നിക്ഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ഐജിയോട് സുപ്രിംകോടതി ഉത്തരവിട്ടു. 2021 മെയ് 21നാണ് ഉന്നാവോയില്‍ പോലിസ് കസ്റ്റഡിയില്‍ 17കാരനായ ഫൈസല്‍ ഹുസൈന്‍ കൊല്ലപ്പെടുന്നത്. പോലിസ് കസ്റ്റഡിയിലെ മകന്റെ മരണം ക്രൂരമായ കൊലപാതകമാണെന്നാരോപിച്ച് മാതാവ് നല്‍കിയ പരാതിയിലാണ് സുപ്രിംകോടതി അന്വേഷണം ഐജിക്ക് കൈമാറിയത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണം നീതിപൂര്‍വവും നിഷ്പക്ഷവുമാണെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ല. ഹരജിക്കാരന്റെ പരാതിയിലും ഞങ്ങളുടെ പരിഗണനയിലുള്ള വീക്ഷണത്തിലും ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്ന് മനസ്സിലാക്കുന്നു- ജസ്റ്റിസുമാരായ അജയ് റസ്‌തോഗിയും ബേല എം ത്രിവേദിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണമാണ് നടത്തിയതെന്നത് അംഗീകരിക്കാനാവില്ല.

പോലിസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഓഫിസര്‍ നടത്തിയ അന്വേഷണത്തിന്റെ രീതി ശരിയല്ല. കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് 2021 ഡിസംബര്‍ 2നാണ് സെക്ഷന്‍ 302 ഐപിസി ഉള്‍പ്പെടുത്തിയത്. കുറ്റകൃത്യത്തില്‍ ന്യായമായ അന്വേഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത നിസ്സംശയവും അത്യന്താപേക്ഷിതവുമാണ്. കാരണം അത് ഒരുതലത്തില്‍ ഇരയുടെ അവകാശങ്ങളും ഓരോ പൗരന്റെയും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നു. സെക്ഷന്‍ 161 പ്രകാരം വിവിധ പോലിസ് ഉദ്യോഗസ്ഥരുടെ മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആരും പ്രോസിക്യൂഷന്റെ കേസിനെ പിന്തുണച്ചിട്ടില്ല. എന്നിട്ടും ഐപിസി 304ാം വകുപ്പ് പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സെഷന്‍സ് ജഡ്ജിയുടെ നിര്‍ദേശപ്രകാരമാണ് പിന്നീട് കുറ്റപത്രത്തില്‍ സെക്ഷന്‍ 302/34 ഐപിസി ചേര്‍ത്തത്. നീതിപൂര്‍വമായ അന്വേഷണമാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ല്. കോടതിയില്‍ ന്യായമായ വിചാരണയിലൂടെ നീതി പുലരാന്‍ സഹായിക്കുന്നതിന് സത്യാന്വേഷണമാണ് വേണ്ടതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് കൂടുതല്‍ പുനരന്വേഷണത്തിനായി സിബിഐക്ക് അയക്കാം.

എന്നാല്‍, കക്ഷികളുടെ ഉപദേശം കേട്ടതിന് ശേഷം ഈ ഘട്ടത്തില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായ ലഖ്‌നോ പോലിസ് ആസ്ഥാനത്തെ ഇന്റലിജന്‍സ് ഐജി ഭഗവാന്‍ സ്വരൂപിന് കേസ് കൈമാറുന്നതാണ് ഉചിതമെന്നും ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തില്‍ ഐജി വ്യക്തിപരമായി കൂടുതല്‍ അന്വേഷണം നടത്തണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഹരജിക്കാരന്റെ പരാതിയില്‍ അന്വേഷണം നീതിപൂര്‍വവും നിഷ്പക്ഷവുമായ രീതിയില്‍ നടത്തണമെന്നും എട്ടാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. ജൂലൈ 19 ന് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ബെഞ്ച് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

കൊവിഡ് നിയന്ത്രണം ലംഘിച്ച് പച്ചക്കറി വില്‍പ്പന നടത്തിയെന്നാരോപിച്ച് പോലിസ് പിടികൂടിയ ഫൈസല്‍ ഹുസൈന്‍ എന്ന 17 കാരനാണ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുപി പോലിസ് പിടികൂടിയ ഫൈസല്‍ ഹുസൈനെ ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഉന്നാവോയിലെ ബങ്കമാരു ടൗണിലെ സ്വന്തം വീടിന് മുന്നിലായിരുന്ന ഫൈസല്‍ പച്ചക്കറി വില്‍പ്പന നടത്തിയത്. അവിടെ നിന്നാണ് ഫൈസലിനെ പോലിസ് കസ്റ്റഡിയിലെടുത്തതെന്നും ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് 17കാരന്റെ ആരോഗ്യനില തകരാറിലാവുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ലഖ്‌നോവിലെ പ്രധാന റോഡ് ഉപരോധിച്ച പ്രദേശവാസികള്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ പോലിസുകാര്‍ക്കെതിരേ നടപടിയെടുത്ത് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍. കുറ്റക്കാരായ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഹോം ഗാര്‍ഡിനും എതിരേ നടപടിയെടുത്തു. രണ്ട് പോലിസുകാരെ സസ്‌പെന്റ് ചെയ്യുകയും ഒരു ഹോം ഗാര്‍ഡിനെ പിരിച്ചുവിടുകയും മാത്രമാണ് ചെയ്തത്.

Tags:    

Similar News