സിബിഎസ്ഇ പ്ലസ് ടു പരീക്ഷ: വ്യാപക പരാതി; അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി ഹൈബി ഈഡന്‍ എം പി

കണക്ക്, ഇംഗ്ലീഷ് പേപ്പറുകള്‍ക്കുള്ള മൂല്യനിര്‍ണ്ണയം ഉദാരമാക്കണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി എം പി ലോക്‌സഭയില്‍ ആവിശ്യപ്പെട്ടു

Update: 2021-12-08 09:22 GMT

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ആദ്യ ഘട്ട ബോര്‍ഡ് പരീക്ഷയെക്കുറിച്ചു വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈബി ഈഡന്‍ എം പി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. സിബിഎസ്ഇ മാത്തമാറ്റിക്‌സ് പരീക്ഷയില്‍ ചോദിച്ച മിക്ക ചോദ്യങ്ങളും സിലബസിന് പുറത്തുള്ളവയായിരുന്നുവെന്നും കണക്ക്, ഇംഗ്ലീഷ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരീക്ഷയില്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങളുണ്ടായിരുന്നുവെന്നും, അതിനാലുള്ള സമയക്കുറവ് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നുവെന്നും ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാന്‍ കാരണമാകുമെന്നും എം. പി നോട്ടിസില്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങള്‍ വളരെ പ്രധാനമാണെന്നും അതിനാല്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണക്കിലെടുത്ത് സിബിഎസ്ഇ ബോര്‍ഡിന്റെ കണക്ക്, ഇംഗ്ലീഷ് പേപ്പറുകള്‍ക്കുള്ള മൂല്യനിര്‍ണ്ണയം ഉദാരമാക്കണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കികൊണ്ട് ഹൈബി ഈഡന്‍ ലോക്‌സഭയില്‍ ആവിശ്യപ്പെട്ടു.

Tags:    

Similar News