സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇക്ക് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: സിലബസ് 30 ശതമാനത്തോളം വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കി. 9 മുതല്‍ 12 ക്ലാസുകള്‍ വരെയുള്ള വിവിധ വിഷയങ്ങളിലെ സിലബസുകളാണ് വെട്ടിച്ചുരുക്കാനൊരുങ്ങുന്നത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെ അഭിപ്രായമാരാഞ്ഞശേഷമാണ് നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ട്വീറ്റ് ചെയ്തു. ഏകദേശം 1,500ഓളം നിര്‍ദേശങ്ങളാണ് മന്ത്രാലയത്തില്‍ ലഭിച്ചത്.
പ്രധാന ഭാഗങ്ങള്‍ മാത്രം നിലനിര്‍ത്തി ബാക്കി വെട്ടിച്ചുരുക്കാനാണ് ആലോചന. കൊവിഡുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനാണ് ഇത്തരമൊരു അസാധാരണ നീക്കം നടത്തുന്നതെന്ന് ട്വീറ്റില്‍ കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാല്‍ പറഞ്ഞു.
അതേസമയം മറ്റു ഭാഗങ്ങളുമായുള്ള ബന്ധം വിശദീകരിക്കേണ്ടിടങ്ങളില്‍ വെട്ടിക്കളഞ്ഞ ഭാഗങ്ങള്‍ ക്ലാസില്‍ വിശദീകരിക്കണമെന്ന് സിബിഎസ്ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും വെട്ടിക്കളഞ്ഞ ഭാഗം പരീക്ഷകളുടെ ഭാഗമായിരിക്കുകയില്ല. ഇന്റേണല്‍ പരീക്ഷകളിലും അത് ഉള്‍പ്പെടുത്തരുത്. മൊത്തം അധ്യായങ്ങള്‍ കളയുന്നതിനു പകരം ആവര്‍ത്തിക്കുന്നതും അങ്ങോട്ടുമിങ്ങോട്ടും കയറിയിറങ്ങിക്കടക്കുന്നതുമായ ഭാഗങ്ങള്‍ വെട്ടിക്കളയാനാണ് നിര്‍ദേശം. മറ്റൊരു സെന്‍ട്രല്‍ ബോര്‍ഡായ സിഐഎസ്‌സിഇ അവരുടെ സിലബസിന്റെ 25 ശതമാനം നേരത്തെത്തന്നെ വെട്ടിച്ചുരുക്കിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുടെയും സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെയും യോഗത്തില്‍ സിലബസ് വെട്ടിക്കുറക്കണമെന്ന ആവശ്യം ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ഉയര്‍ത്തിയിരുന്നു. സ്‌കൂള്‍ സിലബസ് മാത്രമല്ല, ജെഇഇ മെയ്ന്‍, നീറ്റ് പ്രവേശന പരീക്ഷയ്ക്കും ഇത് ബാധകമാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. പക്ഷേ, ഈ തീരുമാനം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് എടുക്കേണ്ടത്.
കൊവിഡ് വ്യാപിച്ച സാഹചര്യത്തില്‍ കുട്ടികളുടെ പഠനഭാരം കുറയ്ക്കണമെന്ന ആവശ്യം നിരവധി രക്ഷിതാക്കളും ഉയര്‍ത്തിയിരുന്നു.