ബെല്‍ജിയത്തിനും ഫ്രാന്‍സിനും പിറകെ സ്‌കോട്ട്‌ലാന്റും ലീഗ് ഫുട്‌ബോള്‍ ഉപേക്ഷിച്ചു
എഡിന്‍ബെര്‍ഗ്: ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിറകെ സ്‌കോട്ട്‌ലാന്റും ലീഗ് ഫുട്‌ബോള്‍ ഉപേക്ഷിച്ചു. എട്ട് റൗണ്ട് മല്‍സരങ്ങള്‍ ശേഷിക്കെയാണ് ലീഗ് ഉപേക്ഷിച്ചത്. സെല്‍റ്റിക്കാണ് ലീഗ് ചാംപ്യന്‍മാര്‍. സെല്‍റ്റിക്കിന് 13 പോയിന്റിന്റെ ലീഡാണുള്ളത്. റേയ്‌ഞ്ചേഴ്‌സ് ആണ് രണ്ടാമതുള്ളത്. അവസാന സ്ഥാനത്തുള്ള ഹെര്‍ട്‌സിനെ ലീഗില്‍ നിന്ന് തരംതാഴ്ത്തി. സ്‌കോട്ട്‌ലാന്റിന്റെ അടുത്ത സീസണ്‍ ഓഗ്‌സറ്റ് പകുതിയോടെ ആരംഭിക്കും.
കൊറോണയെ തുടര്‍ന്ന് മാര്‍ച്ചില്‍ സ്‌കോട്ട്‌ലാന്റിലും മല്‍സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. മല്‍സരങ്ങള്‍ നടത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ലീഗിലെ 12 ക്ലബ്ബുകളുമായി സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ വിലയിരുത്തി. യുവേഫായുടെ മറ്റ് മല്‍സരങ്ങളില്‍ സ്‌കോട്ട്‌ലാന്റ് സഹകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ബെല്‍ജിയം ലീഗും ഫ്രഞ്ച് സീരി എയും കൊറോണയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ബെല്‍ജിയം പ്രോ ലീഗില്‍ ക്ലബ്ബ് ബ്രൂജിനെ ചാംപ്യന്‍മാരായി പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സില്‍ പിഎസ്ജിയെയാണ് ചാംപ്യന്‍മാരായി പ്രഖ്യാപിച്ചത്.