ബലാല്‍സംഗികളെ സ്വതന്ത്രരാക്കണമെന്ന് കേന്ദ്രം, അരുതെന്ന് സിബിഐ; ബില്‍ക്കിസ് ബാനുകേസ് ഇന്ന് സുപ്രിംകോടതിയില്‍

Update: 2022-10-18 06:20 GMT

ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തിലെ മുസ് ലിം വംശഹത്യയുടെ സമയത്ത് ബില്‍ക്കിസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കൊലപ്പെടുത്തുകയുംചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ സിബിഐയുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് കേന്ദ്രവും ഗുജറാത്ത് സംസ്ഥാന സര്‍ക്കാരും മോചിപ്പിച്ചതെന്ന് പുറത്തുവന്ന രേഖകള്‍. കേസില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും.

രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയില്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലാണ് കുറ്റവാളികള്‍ മോചിതരായത്. ഗുജറാത്തിലെ ജയിലിന് പുറത്ത് മാലയും മധുരവും നല്‍കി സംഘപ്രവര്‍ത്തകര്‍ ഇവരെ സ്വീകരിച്ചു. 

ഇവരെ മോചിപ്പിക്കാനുള്ള സിബിഐയുടെയും പ്രത്യേക ജഡ്ജിയുടെയും ശക്തമായ എതിര്‍പ്പുകള്‍ കേന്ദ്രവും ഗുജറാത്ത് സര്‍ക്കാരും തള്ളിക്കളഞ്ഞു. കുറ്റം 'നിന്ദ്യവും ഗുരുതരവും ഗുരുതരവുമാണ്', ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം സിബിഐ പറഞ്ഞിരുന്നു.

കേസില്‍ വിധി പറഞ്ഞ പ്രത്യേക ജഡ്ജി ഇതിനെ വിദ്വേഷ കുറ്റകൃത്യത്തിന്റെ മോശമായ രൂപമെന്നാണ് വിശേഷിപ്പിച്ചത്. ഇരകള്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടവരാണ് എന്നതിന്റെ പേരില്‍ മാത്രമാണ് ഇത് ചെയ്തത്. ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലും വെറുതെ വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അകാലത്തിലാണ് ഇവരെ സ്വതന്ത്രരാക്കിയതെന്നുമാത്രമല്ല, പതിനഞ്ച് വര്‍ഷത്തിനിടയില്‍ ആയിരത്തോളം ദിവസം ഇവര്‍ക്ക് പരോളം ലഭിച്ചു. ഇവര്‍ പരോളില്‍ പുറത്തുവന്ന സമയത്തും ബില്‍ക്കിസ് ബാനുവിനെയും കുടുംബത്തെയും ദ്രോഹിച്ചു. കുറ്റവാളികളുടെ നല്ല പെരുമാറ്റമെന്ന അവകാശവാദത്തെ ഇത് ചോദ്യം ചെയ്യുന്നുണ്ട്. കുറ്റവാളികളെ വിട്ടയക്കുമ്പോഴും ഗുജറാത്ത് പോലിസ് ബില്‍ക്കിസ് ബാനുവിന് സുരക്ഷ ഉറപ്പുവരുത്തിയിട്ടില്ല. 

കുറ്റവാളികളെ വിട്ടയച്ചതിനെതിരേയുളള ഹരജികള്‍ ഇന്ന് സുപ്രിംകോടതി വാദം കേള്‍ക്കുകയാണ്.

ബില്‍ക്കിസ് ബാനു ബലാല്‍സംഗം ചെയ്യപ്പെടുന്ന സമയത്ത് വെറും 21 വയസ്സുളള യുവതിയായിരുന്നു. ആ സമയത്ത് ഗര്‍ഭിണിയുമായിരുന്നു. അവരുടെ കുടുംബത്തിലെ 14 പേരെ അക്രമികള്‍ കൊലപ്പെടുത്തി. അതില്‍ 3 വയസ്സുള്ള മകളുമുണ്ടായിരുന്നു.

സബര്‍മതി എക്‌സ്പ്രസില്‍ തീയിട്ട് 59 കര്‍സേവകരെ കൊലപ്പെടുത്തിയെന്ന ആരോപണത്തിനുപുറത്താണ് ഗുജറാത്തില്‍ മുസ് ലിംകളെ കൊന്നൊടുക്കിയത്. അക്രമസംഭവങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നതായും തെളിവുകളുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രി.  

Tags:    

Similar News