ഭാരത് ബയോടെക്കിന് കൊറോണ വാക്‌സിന്‍ നിര്‍മിക്കാന്‍ കേന്ദ്രാനുമതി, വാക്‌സിന്‍ ആഗസ്‌റ്റ് 15 മുതല്‍ വിപണിയില്‍
ന്യൂഡല്‍ഹി: ഹൈദരാബാദിലെ ഭാരത് ബയോടെക്കിന് കൊറോണ വാക്‌സിന്‍ നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ആഗസ്‌റ്റ് 15ന് വാക്‌സിന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.
ഈ മാസം ആദ്യം ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ആഗസ്‌റ്റ് 15ന് വാക്‌സിന്‍ ലഭ്യമാവുമെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ജൂണ്‍ 2ന് ഐസിഎംആര്‍ നല്‍കിയ ഉത്തരവില്‍ ഭാരത് ബയോടെക്ക് ഇന്റര്‍നാഷണലിന് ഫാസ്റ്റ് ട്രാക്ക് മോഡില്‍ മരുന്നു പരീക്ഷണം നടത്തുന്നതിനുള്ള അനുമതി നല്‍കി. പൂനെയിലെ വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ട് സാര്‍സ്-കൊവ് 2 വൈറസില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സ്‌ട്രയിന്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. ഐസിഎംആര്‍ഉം ഭാരത് ബയോടെക്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതില്‍ പ്രശസ്‌തമായ കമ്പനിയാണ് ഭാരത് ബയോടെക്ക്. കമ്പനി വികസിപ്പിച്ച റോട്ടോവാക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുടെ മരണത്തിനു കാരണമായ ഡയറിയ രോഗത്തിനുള്ള വാക്‌സിനാണ്. വർഷം 23 ലക്ഷം കുട്ടികളാണ് ഡയറിയ മൂലം ഇന്ത്യയിൽ മരിക്കുന്നത്. 2015 ൽ ഏറ്റവും കുറഞ്ഞ വിലയിൽ വാക്സിൻ ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് വലിയ വാർത്തയായിരുന്നു.
1996 ല്‍ യുഎസ്സില്‍ നിന്ന തിരിച്ചെത്തിയ ഗവേഷകരായ ഡോ. കൃഷ്ണ എം എല്ലയും ഭാര്യ സുചിത്രയും ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍.