കൊവാക്‌സിന്‍ വിതരണം നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ ഏജന്‍സികള്‍ക്ക് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം

Update: 2022-04-03 04:56 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച് ഉല്‍പാദിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ യുഎന്‍ ഏജന്‍സി വഴി വിതരണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. കണ്ടെത്തിയ ചില പോരായ്മകള്‍ നികത്താനും ഉല്‍പാദന സംവിധാനം നവീകരിക്കാനും സമയം നല്‍കുന്നതിന്റെ ഭാഗമയാണ് വിതരണം നിര്‍ത്തിവയ്ക്കുന്നതെന്ന്  ഉത്തരവില്‍ പറയുന്നു. കൊവാക്‌സിന്‍ കൈവശമുള്ള രാജ്യങ്ങള്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉചിതമായ നടപടികള്‍ എന്താണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

വാക്‌സിന്‍ ഫലപ്രദമാണെന്നും സുരക്ഷാ പ്രശ്‌നങ്ങളൊന്നും നിലവിലില്ലെന്നും എന്നാല്‍ കയറ്റുമതിക്കുള്ള ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് കൊവാക്‌സിന്‍ വിതരണം തടസ്സപ്പെടുന്നതിന് കാരണമാകുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 

മാര്‍ച്ച് 14 മുതല്‍ 22 വരെ നടത്തിയ പോസ്റ്റ് എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗ് പരിശോധനയ്ക്ക് ശേഷമാണ് കയറ്റുമതിക്കായി കൊവാക്‌സിന്‍ ഉല്‍പാദനം നിര്‍ത്തിവയ്ക്കാനുള്ള തീരുമാമെടുത്തത്. പുതിയ തീരുമാനത്തിന് കൊവാകിസന്റെ ഫലപ്രാപ്തിയുമായി ബന്ധമില്ലെന്ന് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 'കൊവാക്‌സിന്‍ സ്വീകരിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നല്‍കിയ വാക്‌സിനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളും ഇപ്പോഴും സാധുവാണെന്ന് കമ്പനി അറിയിച്ചു. 

കമ്പനി നവീകരണത്തിനായാണ് ഉല്‍പാദനം നിര്‍ത്തിവയ്ക്കുന്നതെന്നാണ് ഭാരത് ബയോടെക്ക് പറയുന്നത്. 

Tags:    

Similar News