കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ നിയമം കര്‍ശനമാക്കുന്നു; സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി: രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ നിയമം കര്‍ശനമാക്കി കേന്ദ്ര സിവില്‍ സര്‍വീസ് പെന്‍ഷന്‍(ഭേദഗതി) നിയമം, 2020 നിലവില്‍ വന്നു. രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളില്‍ നിന്ന് വിരമിക്കുന്നവര്‍ സര്‍വീസുമായി ബന്ധപ്പെട്ട അറിവുകളും അനുഭവങ്ങളും എഴുതി പ്രസിദ്ധീകരിക്കണമെങ്കില്‍ ഇനി മുതല്‍ മുന്‍കൂര്‍ അനുമതി വേണം. പേഴ്‌സണല്‍ ആന്റ് ടെയിനിങ് വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഭാവിയിലെ പെരുമാറ്റങ്ങളെക്കുറിച്ച് പറയുന്ന ഭാഗത്താണ് ഇതുസംബന്ധിച്ച ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
വിരമിക്കുന്ന ഒരു ജീവനക്കാരന്‍ സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടാല്‍ പെന്‍ഷന്‍ റദ്ദാക്കാന്‍ ഇനി മുതല്‍ സര്‍ക്കാരിന് കഴിയും. ഈ നിയമഭേദഗതി സുരക്ഷാ, രഹസ്യാന്വേഷണ മേഖലയില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ കുറിപ്പുകളും ലേഖനങ്ങളും അനുഭവങ്ങളും എഴുതുന്നതിനെ ബാധിക്കും.
വിരമിച്ച ഉദ്യോഗസ്ഥന്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണമെങ്കില്‍ ഇനി മുതല്‍ വിരമിക്കുന്ന ഓഫിസിന്റെ മേധാവി മുന്‍കൂര്‍ അനുമതി നല്‍കണം. ആര്‍ടിഐ ആക്റ്റിന്റെ സെക്കന്റ് ഷെഡ്യൂളില്‍ പെട്ട ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഈ നിബന്ധന ബാധകമാവുക. ഇന്റലിജന്‍സ് ബ്യൂറോ, റോ, റവന്യൂ ഇന്റലിജന്‍സ്, സെന്‍ട്രല്‍ ഇക്കണോമിക്‌സ് ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ്, നര്‍കോട്ടിക്‌സ് ബ്യൂറോ, ആവിയേഷന്‍ റിസര്‍ച്ച് സെന്റര്‍, ബിഎസ്എഫ്, സിആര്‍പിഎഫ്, ഇന്‍ഡോ തിബത്തന്‍ ബോര്‍ഡര്‍ പോലിസ്, സിഐഎസ്എഫ്, എന്‍എസ്ജി, അസം റൈഫിള്‍സ്, ശഷസ്ത്ര സീമാ ബല്‍, സിഐഡി, ക്രൈം ബ്രാഞ്ച് സിഐഡി, ലക്ഷദ്വീപ് പോലിസ്, ഡിആര്‍ഡിഒ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്.
2013ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ രാഷ്ട്രീയത്തില്‍ ചേരുന്നതിന് ഒരു ഇടവേള തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അത് സ്വീകരിച്ചില്ല.