കൊവിഡ് മരണനിരക്കുകള്‍ പരിശോധിച്ച് കേന്ദ്ര സംഘം; തൃശൂര്‍ ജില്ലയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി

Update: 2022-03-17 17:58 GMT

തൃശൂര്‍: ജില്ലയിലെ കൊവിഡ് മരണനിരക്കുകള്‍ പരിശോധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയ സംഘം പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ സംഘം കൃത്യസമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിച്ച ജില്ലാ ടീമിനെ പ്രത്യേകം അഭിനന്ദിച്ചു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും ഉപദേശകസമിതിയംഗവുമായ ഡോ. പി. രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ സങ്കേത് കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്.

അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റെജി പി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ ഉമാ മഹേശ്വരി കണക്കുകളും പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ പുരോഗതി സംഘം വിലയിരുത്തി. ജില്ലയിലെ കോവിഡ് മരണക്കണക്കുകളുടെ വിവരങ്ങള്‍ സംഘം വിശദമായി പരിശോധിച്ചു തൃപ്തി രേഖപ്പെടുത്തി. കോവിഡ് ആശുപത്രികളിലെ കേസ് ഷീറ്റുകളും പരിശോധിച്ചു. ബന്ധുക്കള്‍ അപ്പീല്‍ നല്കിയശേഷം കൂട്ടിച്ചേര്‍ത്ത മരണങ്ങളുടെ പ്രത്യേക കണക്കും കോവിഡ് ധനസഹായ വിതരണത്തിന്റെ കണക്കുകളും സംഘം പരിശോധിച്ചു. കോവിഡ് പോര്‍ട്ടലുകളുടെ പ്രവര്‍ത്തനവും സംഘം സൂക്ഷ്മമായി വിലയിരുത്തി.

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍(ഡി എം) ഐ ജെ മധുസൂദനന്‍, ഡിഎംഒ ഡോ എന്‍ കെ കുട്ടപ്പന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ അനൂപ്, ഡിപിഎം ഡോ രാഹുല്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ ഡോ കാവ്യ, ഡിഡിപി ബെന്നി ജോസഫ്, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags:    

Similar News