വോട്ടര്‍ ബോധവല്‍ക്കരണവുമായി ചക്‌ദേ കണ്ണൂര്‍ ക്രിക്കറ്റ്

Update: 2021-03-29 08:21 GMT

കണ്ണൂര്‍: വോട്ടര്‍ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്ത് നടന്ന ചക്‌ദേ കണ്ണൂര്‍ സൗഹൃദ ക്രിക്കറ്റ് മല്‍സരത്തില്‍ കലക്ടറേറ്റ് സ്റ്റാഫ് ടീമായ കലക്ടറേറ്റ് ഇലവന് ഉജ്വല ജയം. ജില്ലാ വനിതാ ടീമുമായി നടന്ന മല്‍സരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍, അഴീക്കോട് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വര്‍ എം കെ എസ് സുന്ദരത്തിന്റെ ബോള്‍ നേരിട്ടായിരുന്നു ജില്ലാ കലക്ടര്‍ മത്സരം ഉദ്ഘാടനം ചെയ്തത്.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 83 റണ്‍സിന് കലക്ടറേറ്റ് ഇലവന്‍ വിജയിച്ചു. 10 ഓവറില്‍ 142 റണ്‍സാണ് കലക്ടറേറ് ഇലവന്‍ നേടിയത്. കലക്ടറേറ്റ് ജീവനക്കാരന്‍ കെ എം മുഹമ്മദ് ജുനൈദ് കലക്ടറേറ്റ് ഇലവനു വേണ്ടി 42 റണ്‍സെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ജില്ലാ വനിതാ ടീമിന് 10 ഓവറില്‍ 59 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം എത്തിക്കുന്നതിനുള്ള വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ നേതൃത്വത്തിലാണ് കലക്ടറേറ്റ് മൈതാനിയില്‍ ചക്‌ദേ കണ്ണൂര്‍ എന്ന പേരില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. ലെയ്‌സണ്‍ ഓഫീസര്‍ ഡോ. ടോബി ജോസഫ് മല്‍സരത്തിന്റെ തത്സമയ വിവരണം നല്‍കി.

Tags:    

Similar News