ഫലസ്തീനികള്‍ നടത്തിയത് വീരോചിത പോരാട്ടം; ഇസ്രായേലിനെ പിഴുതുമാറ്റാതെ സമാധാനമുണ്ടാവില്ല: യെമനിലെ ഹൂത്തികള്‍
സന്‍ആ: ഗസയില്‍ ഇസ്രായേലിന്റെ പൈശാചികമായ അധിനിവേശത്തെ ഫലസ്തീനികള്‍ വീരോചിതമായ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയെന്ന് യെമനിലെ അന്‍സാര്‍ അല്ലാഹ് (ഹൂത്തി) പ്രസ്ഥാനം. ഗസയിലെ പ്രതിരോധത്തെ പിന്തുണയ്ക്കല്‍ യെമന്റെ മതപരവും മാനുഷികപരവുമായ കടമയാണെന്ന് അല്‍സാര്‍ അല്ലാഹ് വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം പറഞ്ഞു. കടുത്ത ഉപരോധവും സാമ്പത്തിക പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് യെമന്‍ ഗസയ്ക്ക് വേണ്ടി നിലകൊണ്ടത്. ഈ പ്രതിസന്ധികള്‍ ഗസയ്ക്കുള്ള പിന്തുണ ശക്തമാക്കുകയാണ് ചെയ്തത്. ഫലസ്തീന്‍ പ്രശ്‌നം യെമനെ സംബന്ധിച്ചിടത്തോളം കേന്ദ്രപ്രശ്‌നമാണ്. ഇസ്രായേലി അധിനിവേശം പ്രാദേശികസുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. യുഎസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സയണിസ്റ്റ് സംവിധാനത്തെ പിഴുതുമാറ്റാതെ പ്രദേശത്ത് ശാന്തിയും സമാധാനവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.