ചാംപ്യന്‍സ് ലീഗ്; ബാഴ്‌സ, യുവന്റസ്, ചെല്‍സി നോക്കൗട്ടിലേക്ക്

ഗ്രൂപ്പ് ഇയില്‍ നിന്ന് മിന്നും ജയത്തോടെ ചെല്‍സിയും സെവിയ്യയും നോക്കൗട്ടില്‍ ഇടം നേടി.

Update: 2020-11-25 03:31 GMT

ടൂറിന്‍: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ, യുവന്റസ് , ചെല്‍സി എന്നീ ക്ലബ്ബുകള്‍ നോക്കൗട്ട് ഉറപ്പിച്ചു. ഡൈനാമോ കെവിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സ അവസാന 16ല്‍ ഇടം നേടിയത്. മെസ്സിക്കും ഡിജോങിനും വിശ്രമം നല്‍കിയാണ് കോച്ച് കോമാന്‍ അന്തിമ ഇലവനെ ഇറക്കിയത്. ഡെസ്റ്റ്, ബ്രെത്ത് വൈറ്റ്(ഡബിള്‍)ഗ്രീസ്മാന്‍് എന്നിവരാണ് കറ്റാലന്‍സിനായി ഗോള്‍ നേടിയത്. ഫെറാങ്ക് വാറോസിനെ 2-1ന് തോല്‍പ്പിച്ചാണ് യുവന്റസ് അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്. ഫെറാങ്കാണ് മല്‍സരത്തില്‍ ആദ്യം ലീഡെടുത്തത്. 19ാം മിനിറ്റില്‍ യുസുനിയിലൂടെയായിരുന്നു ഇത്. തുടര്‍ന്ന് 35ാം മിനിറ്റില്‍ റൊണാള്‍ഡോ യുവന്റസിന് സമനില ഗോള്‍ നല്‍കി. റൊണാള്‍ഡോയുടെ കരിയറിലെ 749ാം ഗോളായിരുന്നു ഇത്. സമനിലയിലേക്ക് പോയ മല്‍സരത്തെ ഇഞ്ചുറി ടൈമിലെ മൊറാട്ടയുടെ ഗോളിലൂടെയാണ് യുവന്റസ് തങ്ങളുടെ വരുതിയിലാക്കിയത്.

ഗ്രൂപ്പ് ഇയില്‍ നിന്ന് മിന്നും ജയത്തോടെ ചെല്‍സിയും സെവിയ്യയും നോക്കൗട്ടില്‍ ഇടം നേടി. ഫ്രഞ്ച് ക്ലബ്ബ് റെനീസിനെതിരേ 2-1ന്റെ ജയമാണ് ചെല്‍സി നേടിയത്. ഇഞ്ചുറി ടൈമില്‍ ഒലിവര്‍ ജിറൗദ്് നേടിയ ഗോളാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. 22ാം മിനിറ്റില്‍ ഹുഡ്‌സണ്‍ ഒഡോയിയിലൂടെ ചെല്‍സി ലീഡെടുത്തു. എന്നാല്‍ ഗുറാസെയിലൂടെ 85ാം മിനിറ്റില്‍ റെനീസ് സമനില പിടിച്ചു. തുടര്‍ന്ന് അവസാന നിമിഷം ഫ്രഞ്ച് താരം ജിറൗദ് ചെല്‍സിക്ക് ജയമൊരുക്കുകയായിരുന്നു. എഫ് കെ കരാസ്‌നോദറിനെതിരേ 2-1ന്റെ ജയമാണ് സ്പാനിഷ് ക്ലബ്ബ് സെവിയ്യ നേടിയത്. റാക്കിറ്റിക്ക് എല്‍ ഹദാദി എന്നിവരാണ് സെവിയ്യയുടെ സ്‌കോറര്‍മാര്‍.

Tags:    

Similar News