കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തും; മുഖ്യമന്ത്രി

ഒരു വാര്‍ഡില്‍ ഒരു വ്യക്തി ലോക്കല്‍ കോണ്‍ടാക്ട് വഴി കോവിഡ് പോസിറ്റീവായാലോ, വീടുകളില്‍ ക്വാറന്റീനിലുള്ള രണ്ട് വ്യക്തികള്‍ പോസീറ്റീവായാലോ ആ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തും.

Update: 2020-06-11 16:16 GMT

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ദിവസവും രാത്രി 12 മണിക്ക് മുമ്പായി കണ്ടെയ്ന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് തലത്തിലും കോര്‍പ്പറേഷനില്‍ സബ് വാര്‍ഡ് തലത്തിലും പ്രഖ്യാപിക്കാം. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസപ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യമനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനിക്കാം.

ഒരു വാര്‍ഡില്‍ ഒരു വ്യക്തി ലോക്കല്‍ കോണ്‍ടാക്ട് വഴി കോവിഡ് പോസിറ്റീവായാലോ, വീടുകളില്‍ ക്വാറന്റീനിലുള്ള രണ്ട് വ്യക്തികള്‍ പോസീറ്റീവായാലോ ആ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തും. ഒരു വാര്‍ഡില്‍ 10ല്‍ കൂടുതല്‍ പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ നിരീക്ഷണത്തിലായാകുകയോ, ഒരു വാര്‍ഡില്‍ 25ല്‍ കൂടുതല്‍ പേര്‍ സെക്കന്ററി കോണ്‍ടാക്ടിലൂടെ നിരീക്ഷണത്തിലാകുകയോ ചെയ്താലും ആ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആകും. ചന്ത, ഹാര്‍ബര്‍, ഷോപ്പിങ് മാള്‍, സ്ട്രീറ്റ്, താമസപ്രദേശം ഇവയില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കണ്ടെത്തിയാലും അവിടം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തീരുമാനിക്കും. കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി ഒരു പ്രദേശം തീരുമാനിച്ചാല്‍ ഏഴ് ദിവസം കഴിഞ്ഞ് ഇത് നീട്ടണോ എന്നുള്ളതില്‍ ജില്ലാ കളക്ടറുടെ ശിപാര്‍ശ പ്രകാരമാണ് നടപടിയുണ്ടാകുക.

വാര്‍ഡുകളിലെ 50 ശതമാനത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റാകും. 50 ശതമാനത്തില്‍ താഴെയാകുന്ന മുറയ്ക്ക് ഇതൊഴിവാക്കും. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രസ്തുത വീടും ആ വീടിനു ചുറ്റുമുള്ള നിശ്ചിത ചുറ്റളവിലുള്ള വീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




Tags:    

Similar News