ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം ചരകപ്രതിജ്ഞ; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡീനിനെതിരേ നടപടി
മധുരൈ: എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലാറുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്കു പകരം സംസ്‌കൃതശ്ലോകം ചൊല്ലിച്ച മധുരൈ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡീനിനെതിരേ നടപടി. അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് സ്ഥാലംമാറ്റിയെങ്കിലും എവിടേക്കാണ് മാറ്റിയെന്നത് വ്യക്തമാക്കിയിട്ടില്ല.
ചരകപ്രതിജ്ഞയുടെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ഡീന്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെക്കൊണ്ട് ചൊല്ലിച്ചത്. കുട്ടികള്‍ സ്വന്തമായി ആ പ്രതിജ്ഞ ചൊല്ലുകയായിരുന്നുവെന്ന് ഡീന്‍ രത്‌നവേല്‍ അവകാശപ്പെട്ടു.
ഡീന്‍നെ മാറ്റാനുളള തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി പ്രതികരിച്ചു. ഹിപ്പോക്രാറ്റിക് പ്രതിജ്ഞ പടിഞ്ഞാറന്‍ ശൈലിയിലുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ പഴയ ഇന്ത്യന്‍ രീതിയായ ചരകപ്രതിജ്ഞ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അനാവശ്യമായ രാഷ്ട്രീയവല്‍ക്കരണം ഒവിവാക്കണമെന്നും ബിജെപി നേതാവ് നാരായണ തിരുപ്പതി പ്രതികരിച്ചു.
ഡീന്‍ രത്‌നവേല്‍ കുറച്ചുകൂടെ ശ്രദ്ധിക്കണമായിരുന്നെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ചരകസംഹിതയില്‍ നിന്നുള്ള ഒരു ശ്ലോകമാണ് ചരകപ്രതിജ്ഞയായി കണക്കാക്കുന്നത്. ചരകപ്രതിജ്ഞയില്‍ വിദ്യാര്‍ത്ഥികാലത്ത് ബ്രഹ്മചര്യമടക്കം ശുപാര്‍ശ ചെയ്യുന്നുണ്ട്. അത് പാലിച്ചവരെ മാത്രമേ വൈദ്യം പഠിപ്പിച്ചിരുന്നുള്ളു.
ബ്രാഹ്ണരുടെ മുന്നില്‍വച്ചോ കുടുംബാംഗങ്ങളുടെ മുന്നില്‍വച്ചോ മാത്രമേ സത്രീകള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ പാടുള്ളുവെന്നതാണ് ഇതിലെ മറ്റൊരു വ്യവസ്ഥ.
സംഭവത്തില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഹിപ്പോക്രാറ്റിക് സംഹിതമാത്രമേ ചൊല്ലിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.