ലൗ ജിഹാദ് ആരോപിച്ച് യുപിയില്‍ 8 കേസുകളില്‍ കുറ്റപത്രം

Update: 2020-11-26 04:13 GMT

കാണ്‍പൂര്‍: ലൗജിഹാദ് ആരോപണമുന്നയിച്ച് കാണ്‍പൂര്‍ പോലിസ് 8 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുകൊണ്ടിരിക്കുന്ന 14 കേസുകളില്‍ 8 എണ്ണത്തിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

അന്വേഷണ സംഘത്തിന്റെ പരിധിയിലുള്ള 14 കേസുകളില്‍ 2 എണ്ണത്തില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. 8 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 3 എണ്ണത്തില്‍ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ഒന്നില്‍ കേസെടുത്തിട്ടില്ല. പല കേസുകളിലും പെണ്‍കുട്ടികള്‍ വിവാഹം കഴിച്ച വരന് അനുകൂലമായി മൊഴി നല്‍കിയിട്ടുണ്ടെന്ന് റിപോര്‍ട്ട് ഉണ്ട്.

അന്വേഷണത്തിലിരിക്കുന്ന 14 ല്‍ 11 കേസിലും കുറ്റം നടന്നതായാണ് എസ്‌ഐടി കാണ്‍പൂര്‍ റെയ്ഞ്ച് ഐജിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചത്. എല്ലാ കേസിലും രക്ഷിതാക്കള്‍ വിവാഹിതരായ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരെ പ്രതിയാക്കിയാണ് കേസ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ മക്കളെ ചതിയില്‍ പെടുത്തി വിവാഹം കഴിച്ചുവെന്നാണ് ആരോപണം.

നിലവില്‍ 11 പേരെ ജയിലിലടച്ചിട്ടുണ്ടെന്ന് കാണ്‍പൂര്‍ റേഞ്ച് ഐജി മൊഹിത്ത് അഗര്‍വാള്‍ പറഞ്ഞു. 

പ്രണയം നിരസിച്ചതിന് 21 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കോളജിനു മുന്നില്‍ വച്ച് ഒരു യുവാവ് കൊലപ്പെടുത്തിയതിനു ശേഷമാണ് യുപി സര്‍ക്കാര്‍ സംസ്ഥാനത്ത് ലൗജിഹാദുണ്ടെന്ന് ആരോപിച്ച് പലര്‍ക്കെതിരേയും കേസെടുത്തത്. അതിനു വേണ്ടി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.

ലൗ ജിഹാദിനെതിരേ ഒരു നിയമം കൊണ്ടുവരുന്നതിന് ആഭ്യന്തര വകുപ്പ് യുപി സര്‍ക്കാരിന് എഴുതുകയും ചെയ്തിരുന്നു.

മുസ് ലിം ആണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളുമായി പ്രണയത്തിലാവുന്ന സംഭവങ്ങളെയാണ് ഹിന്ദുത്വ അനുകൂല സംഘങ്ങള്‍ ലൗജിഹാദ് എന്ന് ആരോപിക്കുന്നത്.

Tags:    

Similar News