ആദിത്യനാഥിന്റെ വഴിയില്‍ യെദ്യൂരപ്പയും: 'ലവ് ജിഹാദി' നെതിരേ നിയമനിര്‍മാണത്തിനൊരുങ്ങി കര്‍ണാടക

കര്‍ണാടക മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ്, വിവാഹത്തിനായി മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം സംസ്ഥാനത്ത് കൊണ്ടുവരണമെന്ന് ബിജെപി നേതാവ് സി ടി രവി ആവശ്യപ്പെട്ടിരുന്നു.

Update: 2020-11-05 12:33 GMT

ബംഗളുരു: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുസ്‌ലിം വിരുദ്ധ പ്രചരണായുധമായ 'ലവ് ജിഹാദ്' കര്‍ണാടക സര്‍ക്കാറും ഏറ്റെടുക്കുന്നു.ലവ് ജിഹാദ് 'ഒരു സാമൂഹിക തിന്മയാണെന്നും അത് പരിഹരിക്കാന്‍ നിയമം ആവശ്യമാണന്നും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ വിദഗ്ധരുമായി കൂടിയാലോചിക്കുകയാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വെളിപ്പെടുത്തി. ചെറുപ്പക്കാരായ പെണ്‍കുട്ടികളെ പണമോ സ്‌നേഹമോ കൊണ്ട് ആകര്‍ഷിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.

'ലവ് ജിഹാദ് മൂലമുള്ള പരിവര്‍ത്തനങ്ങളെക്കുറിച്ച് പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും ഞങ്ങള്‍ നിരവധി റിപ്പോര്‍ട്ടുകള്‍ കണ്ടു. ഞാന്‍ ഇത് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് എനിക്കറിയില്ല - പക്ഷേ കര്‍ണാടകയില്‍ ഞങ്ങള്‍ ഇത് അവസാനിപ്പിക്കാന്‍ പോകുന്നു. ഞങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും, ''യെദ്യൂരപ്പ പറഞ്ഞു. നേരത്തെ, ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈയും ഇത്തരത്തില്‍ സംസാരിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ്, വിവാഹത്തിനായി മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം സംസ്ഥാനത്ത് കൊണ്ടുവരണമെന്ന് ബിജെപി നേതാവ് സി ടി രവി ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം പൊതു ക്രമം, ധാര്‍മ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി മതത്തെ പ്രകീര്‍ത്തിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കേരള ഹൈക്കോടതി ഉള്‍പ്പെടെ വിവിധ കോടതികള്‍ ഈ നിലപാട് ശരിവച്ചിട്ടുമുണ്ട്. 'ലവ് ജിഹാദ്' എന്ന പദം നിര്‍വചിച്ചിട്ടില്ലെന്നും ഇത് രാജ്യത്തുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

Tags:    

Similar News