കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിന്റെ പ്രതിധ്വനികള്‍ മധ്യപ്രദേശിലേക്കും പോണ്ടിച്ചേരിയിലേക്കും വ്യാപിക്കുന്നു

Update: 2022-02-09 02:41 GMT

ഭോപാല്‍; കര്‍ണാടകയിലെ സ്‌കൂളുകളില്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പ്രതിധ്വനികള്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്കും പോണ്ടിച്ചേരിയിലേക്കും വ്യാപിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ധരിക്കുന്ന വസ്ത്രം അച്ചടക്കമുള്ളതും ഒരുപോലെയുമായിരിക്കണമെന്ന് മധ്യപ്രദേശിലെ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചു. പോണ്ടിച്ചേരിയിലെ ആര്യന്‍കുപ്പം സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകര്‍ ശിരോവസ്ത്രം അനുവദിക്കാത്ത സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിന് കത്തയച്ചു.

ഹിജാബ് വിലക്കിനെതിരേയുള്ള പ്രതിഷേധത്തിനെതിരേ ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നതോടെ കര്‍ണാടകയില്‍ സ്‌കൂളുകള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉഡുപ്പിയിലെ ഒരു സ്‌കൂളില്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ ഹാജരാവാന്‍ സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

മുസ് ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ കാവി ഷാള്‍ ധരിക്കുമെന്നാണ് ഹിന്ദുത്വസ്വാധീനത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വാദം. കാവി ഷാളുകളുമായി പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ വന്നത് പ്രതിസന്ധിയുണ്ടാക്കുകയും ചെയ്തു.

മധ്യപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ദര്‍ സിങ് പാര്‍മര്‍ ഹിജാബ് നിരോധനത്തെ പിന്താങ്ങിക്കൊണ്ട് രംഗത്തുവന്നു. അച്ചടക്കത്തിനായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിജാബ് സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമല്ല, അതിനാലാണ് സ്‌കൂളുകളില്‍ അത് ധരിക്കുന്നത് നിരോധിക്കുന്നത്. സ്‌കൂളിലല്ല, വീടുകളിലാണ് ആളുകള്‍ ആചാരങ്ങള്‍ പാലിക്കേണ്ടത്. സ്‌കൂളുകളില്‍ ഡ്രസ് കോഡ് കര്‍ശനമായി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും''- മന്ത്രി പറഞ്ഞു.

ഹിജാബ് സ്‌കൂളുകള്‍ നിരോധിക്കുമോയെന്ന ചോദ്യത്തിന് പ്രശ്‌നം പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി മറുപടി പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം മന്ത്രിയുടെ ഹിജാബ് വിരുദ്ധതക്കെതിരേ രംഗത്തുവന്നു. 

'എന്താണ് തന്റെ മുന്‍ഗണനയെന്ന് മന്ത്രി പറയണം. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ ശരിയായി പ്രവര്‍ത്തിപ്പിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒഴിവുകള്‍ നികത്തി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുമാണോ അതോ വര്‍ഗീയ വിഭജനത്തിന്റെ അജണ്ട നടപ്പാക്കുന്നതിനാണോ മുന്‍ഗണനയെന്ന് വ്യക്തമാക്കണ'മെന്ന് കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും അവന്റെ/അവളുടെ മതം ആചരിക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ട്, എന്നാല്‍ ബിജെപി സര്‍ക്കാര്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ പോലും മതപരമായ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. സിഖുകാര്‍ തലപ്പാവ് ധരിക്കുന്നതും മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതും തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശില്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് യൂനിഫോം വാങ്ങാന്‍ സര്‍ക്കാരാണ് പണം നല്‍കുന്നത്.

ചില അധ്യാപകര്‍ സ്‌കാര്‍ഫുകള്‍ ധരിക്കുന്നതിനെരേ രംഗത്തുവന്നതായി വിദ്യാര്‍ത്ഥികളുടെയും ചില സംഘടനകളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്ന് പോണ്ടിച്ചേരി വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് പറഞ്ഞു.

'യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണം, സ്‌കൂളില്‍ നിന്ന് റിപോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.'- വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.

വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് വരുന്നുണ്ടെന്നും ഇപ്പോഴത്തെപ്രശ്‌നമെന്താണെന്ന് മനസ്സിലാവുന്നില്ലെന്നും ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ അഭിപ്രായപ്പെട്ടു.

ചില സ്‌കൂളുകളില്‍ ആര്‍എസ്എസ് ഡ്രില്‍ നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. 

Tags:    

Similar News