മുട്ടനൂര്‍ എം.എം.ജെ.സിയുടെ ചാര്‍ട്ടേഡ് വിമാനം ജൂണ്‍23ന്

Update: 2020-06-22 15:07 GMT

ദുബയ്: തിരൂര്‍ പുറത്തൂരിലെ മുട്ടനൂര്‍ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ മുട്ടനൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി) യുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 23 ചൊവ്വാഴ്ച കാലത്ത് 8 മണിക്ക് ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നുയരും.

കൊവിഡ് പാശ്ചാത്തലത്തില്‍ യു.എ.ഇ യില്‍ കുടുങ്ങിക്കിടക്കുന്ന നാട്ടുകാര്‍ക്കും സമീപ പ്രദേശവാസികള്‍ക്കും വേണ്ടി ഇതാദ്യമായാണ് ഒരു പ്രവാസി മഹല്ല് കൂട്ടായ്മ നാട്ടിലേക്കുള്ള വിമാന സര്‍വീസ് ഒരുക്കുന്നത്. പുറത്തൂര്‍, മംഗലം പഞ്ചായത്തുകളിലെ സ്വന്തം നാട്ടുകാര്‍ക്ക് പുറമെ സമീപത്തെ തൃപ്രങ്ങോട്, വെട്ടം, തലക്കാട്, പഞ്ചായത്തുകളിലെയും തിരൂര്‍ നഗരസഭാ പരിധിയിലുള്ളവര്‍ക്കും നാടാണയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വിമാനം ഒരുക്കിയത്. ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവര്‍, അടിയന്തര ചികില്‍സ ആവശ്യമുള്ളവര്‍, വീസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവക്ക് പ്രത്യേക വിമാനത്തില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.

1974 മുതല്‍ യു.എ.ഇ യില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്മിറ്റി മുന്നൂറോളം അംഗങ്ങളുണ്ട്. മുട്ടനൂര്‍ മഹല്ലിലെ ജീവകാരുണ്യരംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ ഉന്നമനത്തിനും വേണ്ടി നാലര പതിറ്റാണ്ടായി എം.എം.ജെ.സി സജീവമായി ഇടപ്പെട്ടുവരുന്നു. മുട്ടനൂര്‍ എല്‍.പി സ്‌കൂളിന്റെ പരാധീനതകള്‍ പരിഹരിക്കുന്നതിനും പുറത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ വളര്‍ച്ചക്കും കമ്മിറ്റി നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാണ്. നിര്‍ധനരുടെ വിവാഹം, വീട് നിര്‍മാണം, ചികില്‍സ, വിദ്യാഭ്യാസം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും കമ്മിറ്റി സജീവമാണ്.

കൊറോണ പ്രതിസന്ധിസമയത്ത് പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു നല്‍കിയിരുന്നു.

വിമാനത്തിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ പഞ്ചായത്തിന്റെ കീഴില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

Tags:    

Similar News