'അലാവുദ്ദീന്റെ അത്ഭുത വിളക്ക്' നല്‍കി ഡോക്ടറെ വഞ്ചിച്ചു: രണ്ടു പേരെ അറസ്റ്റു ചെയ്തു

ഇതിനിടയില്‍ അലാവുദ്ദീന്‍ ആണെന്ന തരത്തില്‍ ഒരാളെ ഡോ. ഖാന്റെ മുന്നില്‍ പ്രത്യക്ഷനാക്കി. ഇതോടെയാണ് അദ്ദേഹം വിളക്ക് വാങ്ങാന്‍ പണം നല്‍കിയത്.

Update: 2020-10-31 10:55 GMT

മീററ്റ്: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ 'അലാവുദ്ദീന്റെ അത്ഭുത വിളക്ക്' നല്‍കി ഡോക്ടറെ വഞ്ചിച്ച കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വിളക്ക് സമ്പത്തും ആരോഗ്യവും ഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ഡോ. എല്‍ എ ഖാനിനെ കെണിയില്‍ വീഴ്ത്തിയത്. 31 ലക്ഷം രൂപയാണ് ഡോക്ടര്‍ മാന്ത്രിക വിളക്കിനായി നല്‍കിയത്. ഇഖ്‌റാമുദ്ദീന്‍, അനീസ് എന്നിവരാണ് തട്ടിപ്പു നടത്തിയത്.

ഇവരുടെ മാതാവിന് അസുഖമായപ്പോള്‍ ചികിത്സിക്കാനെത്തിയപ്പോഴാണ് ഇവര്‍ ഡോ. ഖാനുമായി പരിചയത്തിലായത്. പിന്നീട് വീട്ടില്‍ പോയും ചികിത്സ നടത്തി. ഒരു മാസത്തിലേറെയായി സന്ദര്‍ശനങ്ങള്‍ തുടര്‍ന്നു. അതിനിടയില്‍ ഒരു സിദ്ധന്‍ അവരുടെ വീട് സന്ദര്‍ശിച്ചതായും അസുഖം മാറ്റിയതായും ഡോക്ടറെ വിശ്വസിപ്പിച്ചു. അങ്ങിനെ ഡോക്ടറും സിദ്ധനെ സന്ദര്‍ശിച്ചു.

അതിനിടയിലാണ് 'അലാവുദ്ദീന്റെ അത്ഭുത വിളക്ക്' കൈയിലുണ്ടെന്നും ഒന്നരക്കോടി രൂപ നല്‍കിയാല്‍ കൊടുക്കാമെന്നും ഡോക്ടറെ വിശ്വസിപ്പിച്ചത്. 31 ലക്ഷത്തിന് കച്ചവടം നടത്തി. ഇതിനിടയില്‍ അലാവുദ്ദീന്‍ ആണെന്ന തരത്തില്‍ ഒരാളെ ഡോ. ഖാന്റെ മുന്നില്‍ പ്രത്യക്ഷനാക്കി. ഇതോടെയാണ്  അദ്ദേഹം വിളക്ക് വാങ്ങാന്‍ പണം നല്‍കിയത്. എന്നാല്‍ വിളക്ക് വാങ്ങി വീട്ടിലെത്തിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളൊന്നും നടന്നില്ല. ചതിയില്‍ പെട്ടതായി തിരിച്ചറിഞ്ഞപ്പോള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പിടിയിലായ രണ്ടു പേരും 'തന്ത്ര വിദ്യ' എന്ന പേരില്‍ നിരവധി കുടുംബങ്ങളെ വഞ്ചിച്ചതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേരാണ് പ്രതികള്‍. ഇനി സ്ത്രീയെ കൂടി കിട്ടാനുണ്ടെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News