ചാരിറ്റിയുടെ മറവില്‍ തട്ടിപ്പ്; നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍

നേരത്തെയും ശ്യാംസുന്ദറിനെതിരേ പല കേസുകളുമുണ്ടായിരുന്നു. വണ്ടിച്ചെക്ക് നല്‍കിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസുകളുണ്ട്.

Update: 2020-09-14 19:02 GMT

നിലമ്പൂര്‍: ചാരിറ്റിയുടെ മറവില്‍ തട്ടിപ്പ് നടത്തിയ നിലമ്പൂര്‍ സ്വദേശി അറസ്റ്റിലായി. ശ്യാം സുന്ദര്‍ എന്ന രാധാകൃഷ്ണനെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നടത്തുന്ന പാഞ്ചജന്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലായിരുന്നു തട്ടിപ്പ്. നിലമ്പൂര്‍ കല്ലേമ്പാടത്ത് താമസിക്കുന്ന 75 വയസ്സുള്ള വയോധികയില്‍ നിന്നും പണം തട്ടിയെടുത്തുവെന്നാണ് കേസ്. നിരാലംബയായ വയോധികയെ ആജീവനാന്ത കാലം സംരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. വൃദ്ധയുടെ ഉടമസ്ഥതയിലുള്ള 5 സെന്റ് സ്ഥലം വിറ്റ് അതില്‍ നിന്ന് രണ്ട് ലക്ഷം രൂപയും, പെന്‍ഷന്‍ തുകയില്‍ നിന്ന് അമ്പതിനായിരം രൂപയുമാണ് ഇയാള്‍ കൈക്കലാക്കിയത്. എന്നാല്‍ വയോധികയെ സംരക്ഷിക്കാമെന്ന വാക്ക് പാലിച്ചില്ല.

നേരത്തെയും ശ്യാംസുന്ദറിനെതിരേ പല കേസുകളുമുണ്ടായിരുന്നു. വണ്ടിച്ചെക്ക് നല്‍കിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസുകളുണ്ട്. കോടതിയില്‍ ഹാജരാകത്തതിനാല്‍ ഇയാളുടെ പേരില്‍ നിലമ്പൂര്‍ കോടതി സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. ശ്യാംസുന്ദറിന്റെ ഭാര്യയും ഇയാള്‍ക്കെതിരേ പീഡനം ആരോപിച്ച് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

Tags:    

Similar News