കുഞ്ഞിന്റെ മരണം നാണയം വിഴുങ്ങിയതു കാരണമല്ലെന്ന് രാസപരിശോധനാ ഫലം

നാണയം വിഴുങ്ങി ആശുപത്രിയില്‍ എത്തി ചികിത്സ തേടിയതിനു പിന്നാലെ കുട്ടി മരിച്ചതിനു കാരണം ചികിത്സാ പിഴവാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

Update: 2020-08-21 15:26 GMT

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവത്തില്‍ മരണ കാരണം ശ്വാസതടസമെന്ന് രാസപരിശോധന ഫലം. ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജിന്റെ മരണം നാണയം വിഴുങ്ങിയതു കാരണമല്ല, ശ്വാസ തടസമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ഇതോടെ വ്യക്തമായത്.

നാണയം വിഴുങ്ങി ആശുപത്രിയില്‍ എത്തി ചികിത്സ തേടിയതിനു പിന്നാലെ കുട്ടി മരിച്ചതിനു കാരണം ചികിത്സാ പിഴവാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവദിവസം കുട്ടിയെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എത്തിച്ചിരുന്നു. എന്നാല്‍ പഴവും വെള്ളവും കൊടുത്താല്‍ മതിയെന്ന് ഉപദേശിച്ച് ഡോക്ടര്‍മാര്‍ മടക്കി അയച്ചെന്നും ചികില്‍സിച്ചില്ലെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. ആലുവ ജില്ലാ ആശുപത്രിക്കെതിരെയായിരുന്നു കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ആരോപണമുന്നയിച്ചത്. എന്നാല്‍ മരണത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ വന്‍കുടലിന്റെ ഭാഗത്ത് നിന്നും രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞിരുന്നത്. 

Tags:    

Similar News