ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന തന്ത്രിയായിരുന്ന ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.
2013 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന തന്ത്രിയായിരുന്നു. ദേവസ്വം ഭരണ സമിതി അംഗവുമാണ്. എംഎ ഇംഗ്ലീഷ് ബിരുദധാരിയാണ്. മലപ്പുറം എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത്് അന്ത്യ ചടങ്ങുകള്‍ നടക്കും.
2013 ഡിസംബര്‍ 26ന് ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ചേന്നാസ് മനയിലെ മുതിര്‍ന്ന അംഗമായ നാരായണന്‍ നമ്പൂതിരിപ്പാട് പ്രധാന തന്ത്രിയായി സ്ഥാനമേറ്റത്. 2014 ഫെബ്രുവരി 20ന് ശ്രീലകത്തുകയറി ആദ്യപൂജ നിര്‍വഹിച്ചു. 2021 സെപ്റ്റംബര്‍ 30ന് രാത്രി നടന്ന മേല്‍ശാന്തിമാറ്റച്ചടങ്ങിനാണ് അവസാനമായി അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്.
ദീര്‍ഘകാലം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രധാന തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മൂത്ത മകനാണ് നാരായണന്‍ നമ്പൂതിരിപ്പാട്. പ്രധാന തന്ത്രിയാകുന്നതിനു മുന്‍പ് കുറച്ചുകാലം നെടുങ്ങാടി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു.
ചെങ്ങന്നൂര്‍ മിത്രമഠത്തിലെ സുചിത്രാ അന്തര്‍ജനമാണ് ഭാര്യ. ഗുരുവായൂര്‍ ക്ഷേത്രത്തിലെ താന്ത്രികച്ചടങ്ങുകള്‍ നിര്‍വഹിയ്ക്കുന്ന ശ്രീകാന്ത് നമ്പൂതിരിപ്പാട് ഏക മകനാണ്.