വിഎസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്ന അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ അന്തരിച്ചു
വിഎസ് അച്യുതാനന്ദന്‍, കെആര്‍ ഗൗരിയമ്മ അടക്കം നിരവധി ഇടതു നേതാക്കള്‍ക്കായി കേസുകള്‍ വാദിച്ചു
തിരുവനന്തപുരം: പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ ഒരു മണിക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം.
അഞ്ചര പതിറ്റാണ്ട് അഭിഭാഷകനും ട്രേഡ് യൂനിയന്‍ നേതാവുമായി തിളങ്ങിയ വ്യക്തിയായിരുന്നു ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍. സംസ്ഥാന വിജിലന്‍സ് ട്രൈബ്യൂണല്‍ ജഡ്ജി, സംസ്ഥാന വിജിലന്‍സ് കമ്മീഷണര്‍, അഴിമതി നിരോധന കമ്മീഷന്‍ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചു. വിഎസ് അച്യുതാനന്ദന്‍ നടത്തിയ നിയമപോരാട്ടങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും ചെറുന്നിയൂര്‍ ശശിധരന്‍ നായരായിരുന്നു. തിരുവനന്തപുരം ബാര്‍ അസോസിയേഷനിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം.
അരനൂറ്റാണ്ട് കാലം അഭിഭാഷക മേഖലയില്‍ സജീവമായിരുന്നു. ഇക്കാലയളവില്‍ വിഎസ് അച്യുതാനന്ദന്‍, കെആര്‍ ഗൗരിയമ്മ അടക്കം നിരവധി ഇടതു നേതാക്കള്‍ക്കായി കേസുകള്‍ വാദിച്ചു. അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.