കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ഗ്രാമമുഖ്യനും കൂട്ടാളികളും അറസ്റ്റില്‍

Update: 2022-12-25 10:03 GMT

റായ്പൂര്‍: കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ബൊക്കര്‍ഖര്‍ ഗ്രാമമുഖ്യനെയും മറ്റ് നാല് പേരെയും പോലിസ് അറസ്റ്റ് ചെയ്തു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ 32കാരനായ വിവേക് ചൗബേയാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കുഴിച്ചിട്ട ഇദ്ദേഹത്തിന്റെ ബൈക്കും കണ്ടെടുത്തിട്ടുണ്ട്. 40 ദിവസം മുമ്പ് നവംബര്‍ 12 നാണ് ഇയാളെ കാണാതായത്. കവര്‍ധ ടൗണിലെ വീട്ടില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ പോയ ചൗബേ മടങ്ങിയെത്തിയില്ല. 16ന് പോലിസ് പരാതി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലിസ് അന്വേഷണം തുടങ്ങി.

ഒരു തുമ്പും ലഭിക്കാതായതോടെ ചൗബേയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. പിന്നാലെ പിടിയിലായ ഗ്രാമമുഖ്യന്‍ അമിത് യാദവും മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഇത് പോലിസില്‍ സംശയത്തിനിടയാക്കി. ഛത്തീസ്ഗഢ്- മധ്യപ്രദേശ് അതിര്‍ത്തിയായ കുന്ദപാണി ഗ്രാമത്തില്‍ ചൗബേയെ അവസാനമായി കണ്ടതായി പോലിസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

അസ്ഥികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതാണെന്ന് ഗ്രാമമുഖ്യന്‍ സമ്മതിച്ചു. കാണാതായ അന്ന് ചൗബേ ഗ്രാമമുഖ്യനെ കണ്ടിരുന്നു. അന്ന് രാത്രി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വിവേകിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഗ്രാമമുഖ്യന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

തര്‍ക്കത്തിന് കാരണമെന്തെന്ന് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹം കാട്ടില്‍ക്കൊണ്ടുപോയി കത്തിക്കാന്‍ സഹായിച്ച നാല് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൗബേയുടെ ഫോണ്‍ പ്രതികള്‍ കൈവശം വയ്ക്കുകയും പല ലൊക്കേഷനുകളില്‍ നിന്ന് വിളിച്ച് പോലിസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. യാത്രയിലാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും വരുത്തിത്തീര്‍ക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം.

Tags:    

Similar News