പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Update: 2024-06-27 09:15 GMT

റായ്പൂര്‍: ഛത്തീസ്ഗഢില്‍ പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷന്‍ രാജാ അഗര്‍വാള്‍, ഹരീഷ് മിശ്ര എന്നിവരെയാണ് ദിവസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാന്‍, ചന്ദ് മിയ ഖാന്‍, സദ്ദാം ഖുറേഷി എന്നിവരെയാണ് കൊലപ്പെടുത്തിയത്. രണ്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ചികില്‍സയിലിരിക്കെയുമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കാളികളായ മറ്റ് നാലു പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. സംഭവത്തില്‍ ഐപിസി 304, 308 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മഹാസമുന്ദിലെ ഒരു ഗ്രാമത്തില്‍ നിന്ന് എരുമകളുമായി ഒഡിഷയിലെ മാര്‍ക്കറ്റിലേക്ക് ട്രക്കില്‍ പോവുകയായിരുന്ന മുസ് ലിം യുവാക്കളെയാണ് സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. റായ്പൂരിനു സമീപം ആരംഗില്‍ ജൂണ്‍ ഏഴിന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ട്രക്ക് പിന്തുടര്‍ന്നെത്തിയ ഹിന്ദുത്വര്‍ മഹാനദി പാലത്തിന് സമീപം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

    അതിനിടെ, അറസ്റ്റില്‍ പ്രതിഷേധിച്ച് ബജ്‌റങഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കോട് വാലി പോലിസ് സ്‌റ്റേഷന് സമീപം തടിച്ചുകൂടുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് നാലിന് തുടങ്ങിയ പ്രതിഷേധം അര്‍ധരാത്രി വരെ നീണ്ടതായി ഇടിവി ഭാരത് റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News