യുവമോർച്ചയുടെ ഭീഷണി; മദ്രസ വിദ്യാർഥികളെ ആക്രമിച്ച പ്രതികളെ വെറുതെവിട്ട് യുപി പോലിസ്

പ്രവർത്തകരെ മോചിപ്പിച്ചില്ലെങ്കിൽ പോലിസ് സ്റ്റേഷനുകളിൽ ഉപരോധം സംഘടിപ്പിക്കുമെന്ന ഭീഷണിയെ തുടർന്നാണ് പോലിസ് പ്രതികളെ വെറുതെ വിട്ടത്.

Update: 2019-07-14 09:14 GMT

ഉന്നാവോ: ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട് മദ്രസ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ഉന്നാവോ പോലിസ്. പ്രവർത്തകരെ മോചിപ്പിച്ചില്ലെങ്കിൽ പോലിസ് സ്റ്റേഷനുകളിൽ ഉപരോധം സംഘടിപ്പിക്കുമെന്ന ഭീഷണിയെ തുടർന്നാണ് പോലിസ് പ്രതികളെ വെറുതെ വിട്ടത്. അതേസമയം അക്രമികളെന്ന് സംശയിക്കുന്ന മറ്റ് ചിലരുടെ പേരുകള്‍ പൊലീസ് പുറത്തുവിട്ടതായും ടൈംസ് നൗ റിപോർട്ട് ചെയ്യുന്നു.

ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലൂം ഫായിസേ അം മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. യുവമോർച്ച ഉന്നാവോ പോലിസ് സ്റ്റേഷൻ ഘരാവോ ചെയ്തതിനെ തുടർന്നാണ് എഫ്ഐആറില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ ക്ലീന്‍ ചിറ്റ് നല്‍കി പോലിസ് വിട്ടയച്ചത്. മദ്രസ വിദ്യാര്‍ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സംഭവത്തില്‍ തെളിവുകളില്ലെന്നും പറഞ്ഞാണ് ആരോപണ വിധേയരെ വെറുതെ വിട്ടതെന്ന് പോലിസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആക്രമണം നടക്കുമ്പോള്‍ ഇവര്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നാണ് ഇപ്പോൾ പോലിസിന്റെ വിശദീകരണം.

ഉന്നാവോയിലെ സിവിൽ ലൈൻ ഏരിയയിലെ ഗവൺമെന്റ് ഇന്റർ കോളേജ് മൈതാനത്ത് വച്ചാണ് കുട്ടികൾ ആക്രമിക്കപ്പെട്ടത്. ക്രിക്കറ്റ് ബാറ്റുപയോഗിച്ചായിരുന്നു വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. ജയ് ശ്രീ റാം എന്നു വിളിക്കാന്‍ ആവശ്യപ്പെട്ട് ആക്രമികള്‍ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപോര്‍ട്ട് ചെയ്തിരുന്നു.

ജയ് ശ്രീ റാം വിളിക്കാൻ വിസമ്മതിച്ചപ്പോൾ പന്നിയിറച്ചി നൽകുമെന്ന് ആളുകൾ ഭീഷണിപ്പെടുത്തിയെന്നും ആക്രമണത്തിന് ഇരയായ ആലം പറഞ്ഞു. പോലിസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും മുദ്രാവാക്യം വിളിക്കാൻ നിർബന്ധിച്ചെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. 

Tags:    

Similar News