യുവാവിന്റെ തലമൊട്ടയടിച്ച് 'ജയ് ശ്രീറാം' എന്നെഴുതിയത് പണം നല്‍കിയാണെന്ന് പോലിസ്; ആറ് പേര്‍ അറസ്റ്റില്‍
യുവാവിനെ പണം നല്‍കി നെപ്പാളിയായി അഭിനയിപ്പിക്കുകയായിരുന്നെന്നും സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായും വാരണസി പോലിസ് സൂപ്രണ്ട് (എസ്എസ്പി) അമിത് പതക് പറഞ്ഞു.
വാരണസി: 'ജയ് ശ്രീറാം', 'നേപ്പാള്‍ മൂര്‍ദാബാദ്' തുടങ്ങിയവ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ യുവാവിന്റെ തല മൊട്ടയടിച്ച് തലയോട്ടിയില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലിസ്. യുവാവിനെ പണം നല്‍കി നെപ്പാളിയായി അഭിനയിപ്പിക്കുകയായിരുന്നെന്നും സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായും വാരണസി പോലിസ് സൂപ്രണ്ട് (എസ്എസ്പി) അമിത് പതക് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ വാരണസിയിലെ രാജേന്ദ്ര പ്രസാദ് ഗംഗാ ഘട്ടിനു സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വരണാസി ആസ്ഥാനമായുള്ള വിശ്വഹിന്ദുസേനയുടെ കണ്‍വീനര്‍ അരുണ്‍ പഥക് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയും വീഡിയോ പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
അതേസമയം, അതിക്രമത്തിന് ഇരയായ യുവാവ് നേപ്പാള്‍ സ്വദേശി അല്ലെന്നും വാരണസി നിവാസിയാണെന്നും പോലിസ് പറഞ്ഞു. നേപ്പാളി യുവാവിനെ കൊണ്ട് നേപ്പാള്‍ വിരുദ്ധ മുദ്രാവാക്യം വിളിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചിരുന്നത്.
വീഡിയോയില്‍ കണ്ട യുവാവുമായി ബന്ധപ്പെട്ടിരുന്നു എന്നും 1000 രൂപ നല്‍കിയാണ് നേപ്പാളിയായി അഭിനയിച്ചതെന്ന് അയാള്‍ പറഞ്ഞതായും വാരണസി സീനിയര്‍ പോലിസ് സൂപ്രണ്ട് (എസ്എസ്പി) അമിത് പതക് അറിയിച്ചു. വീഡിയോയില്‍ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി മൂര്‍ദാബാദ് എന്നും വിളിപ്പിച്ചിരുന്നു.
യുവാവിന്റെ തലയോട്ടിയില്‍ 'ജയ് ശ്രീ റാം' എന്നെഴുതിയതിനെ ന്യായീകരിച്ച വിശ്വഹിന്ദുസേന കണ്‍വീനര്‍ അരുണ്‍ പഥക് മറ്റ് നേപ്പാളികളുടെ തലയോട്ടിയില്‍ 'ജയ് ശ്രീറാം' എന്നെഴുതാന്‍ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. രണ്ടു മിനുട്ടും 21 മിനുട്ടും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവാവിനു ചുറ്റിലുമുള്ളവര്‍ നേപ്പാളി പ്രധാനമന്ത്രി തുലയട്ടെ, ശര്‍മ ഒലി മൂര്‍ദാബാദ്, വിശ്വഹിന്ദു സേന സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാം. 'യഥാര്‍ത്ഥ' അയോധ്യ നേപ്പാളിലാണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും ഈയിടെ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അതിക്രമം.