വാക്‌സിന്‍ നയതന്ത്രം: ചൈനീസ് കൊവിഡ് വാക്‌സിന്‍ തള്ളി നേപ്പാള്‍; ആദ്യം ഉപയോഗിക്കുക ഇന്ത്യന്‍ വാക്‌സിനെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി
കാഠ്മണ്ഡു: കൊവിഡ് വാക്‌സിന്‍ വിതരണത്തെ നേപ്പാളിലെ ഭരണപ്രതിസന്ധിയുമായി ബന്ധിപ്പിച്ച് ഇന്ത്യന്‍ ഭരണകൂടം. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 12 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കാനുള്ള കരാറില്‍ നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി ജനുവരി 14ന് ഒപ്പുവയ്ക്കും. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനസമയത്തായിരിക്കും കരാര്‍ ഒപ്പിടുന്നത്. വിദേശകാര്യ മന്ത്രി ജയ്ശങ്കറുമായി പ്രദീപ് കൂടിക്കാഴ്ചയും നടത്തും. ചൈനീസ് വാക്‌സില്ല, തങ്ങള്‍ ഇന്ത്യന്‍ വാക്‌സിനാണ് ഉപയോഗിക്കാനുദ്ദേശിക്കുന്നതെന്ന സൂചന ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണെന്ന് രാഷ്ട്രീയനിരീക്ഷകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ആരോഗ്യമേഖയില്‍ വാക്‌സിന്‍ കരാര്‍ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി കരാറുകളുടെ അവസാന രൂപം ഡല്‍ഹിയിലെയും കാഠ്മണ്ഡുവിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നുണ്ട്.
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി കഴിഞ്ഞ മാസമാണ് പാര്‍ലമെന്റ് പിരിട്ടുവിട്ടത്. ഏപ്രില്‍ 30- മെയ് 10 തിയ്യതികളിലാണ് ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി ഒലിയും അദ്ദേഹത്തിന്റെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എതിരാളികളായ നേതാക്കളും തമ്മിലുള്ള വടംവലി വളരെ രൂക്ഷമാണ്, പ്രത്യേകിച്ച് പ്രചണ്ഡയുമായി ബന്ധപ്പെട്ട്. പ്രചണ്ഡ മുന്‍പ്രധാനമന്ത്രി മാധവ് നേപ്പാളുമായി ഗൂഢാലോചന നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഒലിയെ പുറത്താക്കാനുള്ള ശ്രമമെന്നാണ് പറയപ്പെടുന്നത്. ഈ ഘട്ടത്തില്‍ തന്നെ ഒലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള നീക്കങ്ങള്‍ ഇന്ത്യ ആര്‍ക്കൊപ്പമെന്നതിന്റെ സൂചനയാണെന്നാണ് കരുതപ്പെടുന്നത്.