പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമം; ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമെന്നും ഷിജുഖാന്‍

ദത്ത് വിവാദത്തില്‍ അനുപമയോ പങ്കാളിയോ ഉന്നയിച്ച ആരോപണങ്ങളില്‍ ഷിജൂഖാന്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇവരെ കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടുമില്ല

Update: 2021-11-22 14:25 GMT

തിരുവനന്തപുരം: ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമെന്ന് ജനറല്‍ സെക്രട്ടറി ജെഎസ് ഷിജുഖാന്‍. പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമം. ശിശുക്ഷേമ സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണം തള്ളിക്കളയണമെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ 2017 ഡിസംബര്‍ 20 ന് അനുവദിച്ച രജിസ്‌ട്രേഷന് 2022 ഡിസംബര്‍ വരെ കാലാവധിയുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരമാണ് സമിതി പ്രവര്‍ത്തിക്കുന്നത്. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളെ സമതി പരിപാലിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തള്ളിക്കളയാനാണ് ശ്രമം.

ശിഷു ക്ഷേമ സമിതി ലൈസന്‍സുമായി ബന്ധപ്പെട്ട വിശദീകരണമാണ് ഷിജൂഖാന്‍ നല്‍കിയത്. ദത്ത് വിവാദത്തില്‍ അനുപമയോ പങ്കാളിയോ ഉന്നയിച്ച ആരോപണങ്ങളില്‍ ഷിജൂഖാന്‍ മറുപടി പറഞ്ഞിട്ടില്ല. ഇവരെ കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടുമില്ല. മറിച്ച് ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം സുതാര്യമാണെന്ന് അവകാശപ്പെടുന്നതാണ് വിശദീകരണ കുറിപ്പ്.

അതേസമയം, ക്രമവിരുദ്ധമായി കുഞ്ഞിനെ ഏറ്റെടുത്ത ഷിജുഖാനെതിരേ നടപടി വേണമെന്നാണ് അനുപമ ആവര്‍ത്തിച്ച ആവശ്യപ്പെടുന്നത്.

Tags:    

Similar News