കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ആരോഗ്യവകുപ്പ് സെക്രട്ടറി അന്വേഷിക്കും

Update: 2022-11-21 09:19 GMT

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയുടെ അനാസ്ഥയെത്തുടര്‍ന്ന് കുട്ടിയുടെ കൈ മുറിച്ചുമാറ്റപ്പെടാനിടയായ സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചത്. ആരോപണം ഗൗരവതരമാണ്. ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും.

സമയബന്ധിതമായി റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. രണ്ടുദിവസത്തിനുള്ളില്‍ റിപോര്‍ട്ട് കിട്ടും. പിഴവുകളുണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുല്‍ത്താന്‍ സിദ്ദിഖിനാണ് ഇടതുകൈ നഷ്ടമായത്. ഫുട്‌ബോള്‍ കളിക്കിടെ വീണ് കൈയൊടിഞ്ഞ വിദ്യാര്‍ഥിക്ക് ആശുപത്രിയില്‍ നിന്ന് ചികില്‍സ വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

കഴിഞ്ഞമാസം 30നാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയില്‍ സുല്‍ത്താന്‍ സിദ്ദിഖിന്റെ കൈയിലെ എല്ലുകള്‍ പൊട്ടിയത്. പിന്നാലെ കുട്ടിയെ വീട്ടുകാര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, കുട്ടിയുടെ ശസ്ത്രക്രിയ വൈകുകയും പിന്നീട് കൈ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സാഹചര്യത്തിലേക്ക് എത്തുകയുമായിരുന്നുവെന്നാണ് കുടുംബം പരാതിപ്പെടുന്നത്.

Tags:    

Similar News