തലശ്ശേരിയില്‍ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ഡോക്ടര്‍ക്കെതിരേ കേസ്

Update: 2022-11-24 05:18 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ 17കാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു. തലശ്ശേരി താലൂക്ക് ആശുപത്രിയിലെ എല്ല് രോഗവിദഗ്ധന്‍ ഡോ.വിജു മോനെതിരെയാണ് തലശ്ശേരി പോലിസ് കേസെടുത്തത്. ചികില്‍സാ പിഴവുണ്ടായെന്ന കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടി ചികില്‍സയിലായിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയായ 17കാരന്‍ സുല്‍ത്താന്‍ ബിന്‍ സിദ്ദിഖിന്റെ കൈയാണ് ആശുപത്രിയില്‍ മുറിച്ചുമാറ്റിയത്. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരേ പോലിസ് കേസെടുത്തത്. കൈയിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് എത്തിക്കുന്നത്. ആശുപത്രിയില്‍ എല്ലുഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടറാണ് കുട്ടിയെ ചികില്‍സിച്ചത്. എന്നാല്‍, എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രി ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അപ്പോഴേക്കും കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. അവിടെ നിന്ന് പിന്നീട് കുട്ടിയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ആശുപത്രിയിലെ ചികില്‍സാ പിഴവും സര്‍ജറിക്കുള്ള കാലതാമസവും കാരണം വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇതെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. അതേസമയം, സംഭവത്തില്‍ ചികില്‍സാ പിഴവുണ്ടായില്ലെന്ന് തലശ്ശേരി ജനറല്‍ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

കുട്ടിയുടെ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം തന്നെ കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കംപാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നു. പിന്നീട് സര്‍ജറി ചെയ്‌തെങ്കിലും നീര്‍ക്കെട്ട് മാറാനുള്ളതുകൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍പ്പെട്ടത്. ഒപ്പം രക്തം വാര്‍ന്നുപോവുകയും ചെയ്തു. രക്തം വാര്‍ന്ന് പോയില്ലെങ്കില്‍ കൈ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും ആശുപത്രി വ്യക്തമാക്കി. പാലക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് സുല്‍ത്താന്‍.

Tags:    

Similar News