ബോറടി മാറ്റാന്‍ സ്വന്തം തലയ്ക്ക് വിലയിട്ട് ചൈനക്കാരന്‍
കേവലം 24 മണിക്കൂറിനുള്ളില്‍ 350,000 കാഴ്ചക്കാരും 2,500 ലൈക്കുകളും 1,155 ഷെയറുകളുമാണു വാങിന്റെ പോസ്റ്റിനു ലഭിച്ചത്
ബീജിങ്: ബോറടി മാറ്റാന്‍ വ്യാജ അറസ്റ്റ് വാറന്റ് ഉണ്ടാക്കി ചൈനക്കാരന്‍. വാങ് യിബോ എന്നയാളാണ് സ്വന്തം പേരില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇയാളെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. നവംബര്‍ 11നാണ് വാങ് വ്യാജ വാറന്റ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത്. 'വാണ്ടഡ് ഓര്‍ഡര്‍' എന്ന പേരിലായിരുന്നു പോസ്റ്റ്.
''ഞാനൊരു പ്രശസ്ത ചൈനീസ് നടനും നര്‍ത്തകനും ഗായകനുമായ വാങ് യിബോ ആണ്. ഷാങ്സി പ്രവിശ്യയിലെ ചാങ്സി സിറ്റിയിലെ ക്വിന്‍യാന്‍ കൗണ്ടിയാണ് എന്റെ സ്വദേശം. 2024 നവംബര്‍ 10-ന് താന്‍ ഒരു കമ്പനിയില്‍ നിന്ന് 30 ദശലക്ഷം യുവാന്‍ (4 ദശലക്ഷം ഡോളര്‍) തട്ടിയെടുത്തു, കൈവശം ഒരു സബ്മെഷീന്‍ തോക്കും 500 ബുള്ളറ്റുകളും ഉണ്ട്. നിങ്ങള്‍ എന്നെ കണ്ടെത്തുക, എന്നാല്‍ നിങ്ങള്‍ക്ക് 30,000 യുവാന്‍ (4,000) പ്രതിഫലം ലഭിക്കും'' എന്നായിരുന്നു പോസ്റ്റ്.
ലോക്കല്‍ പോലിസിന്റെ ശ്രദ്ധയില്‍ പെട്ട പോസ്റ്റിനേ തുടര്‍ന്ന്, അവര്‍ നടത്തിയ അന്വേഷണത്തില്‍ വാങിനെ അറസ്റ്റ് ചെയ്തു. അനധികൃത തോക്കുകളുടെയോ വെടിക്കോപ്പുകളുടെയോ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഒരു കമ്പനിയെയും അയാള്‍ കബളിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
തന്റെ ജീവിതത്തിലെ വിരസത മാറ്റാനാണ് അറസ്റ്റ് വാറന്റ് കെട്ടിച്ചമച്ചതെന്നായിരുന്നു വാങ് പറഞ്ഞത്. കേവലം 24 മണിക്കൂറിനുള്ളില്‍ 350,000 കാഴ്ചക്കാരും 2,500 ലൈക്കുകളും 1,155 ഷെയറുകളുമാണു വാങിന്റെ പോസ്റ്റിനു ലഭിച്ചത്. വ്യാജവാര്‍ത്ത ഉണ്ടാക്കിയതിന് പോലിസ് വാങിനെതിരേ കേസെടുത്തു.